കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. എറണാകുളം ആര്‍ടിഓ ഓഫീസിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംഎസ് ബിനുവിനെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാത്രി പത്തുമണിയോടെ തൃക്കാക്കര തോപ്പില്‍ ജങ്ഷനില്‍ വെച്ചായിരുന്നു സംഭവം. മല്‍സ്യവില്‍പ്പന നടത്തുകയായിരുന്ന ഒരു കുടുംബത്തില്‍ നിന്ന് പിഴ ഈടാക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ക്ക് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിട്ടുള്ളതായി സംശയം തോന്നി. വിവരം പോലിസിനെ അറിയിച്ചപ്പോള്‍ പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സ്ഥിരീകരിച്ചു.
മല്‍സ്യവില്‍പ്പന നടത്തിയിരുന്ന യുവതിയുടെ ഭര്‍ത്താവിന്റെ ഓട്ടോറിക്ഷക്കെതിരെ പരാതി ഉണ്ടെന്ന് ചൂണ്ടിക്കാട്ടി മൂവായിരം രൂപ പിഴ ആവശ്യപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞു. യൂണിഫോം ധരിച്ചിരുന്നില്ലെന്നും പെരുമാറ്റത്തില്‍ പന്തികേട് ഉണ്ടായതായും ആരോപണമുണ്ട്. സംഭവത്തില്‍ മോശമായി സംസാരിച്ചതായി കുടുംബം തൃക്കാക്കര പോലിസില്‍ പരാതി നല്‍കി. ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിക്കുകയാണ്. വിഷയത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണവും വരേണ്ടതുണ്ട്.