ആര്‍എസ്എസ്സിന്റെ ഡല്‍ഹി ഓഫിസിന് ഇനി കേന്ദ്രസേനയുടെ സുരക്ഷ

Update: 2022-09-05 18:42 GMT

ന്യൂഡല്‍ഹി: ആര്‍എസ്എസ്സിന്റെ ഡല്‍ഹി ഓഫിസിന് ഇനി മുതല്‍ കേന്ദ്രസേനയായ സിഐഎസ്എഫ് സുരക്ഷയൊരുക്കും. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഝണ്ഡേവാലനില്‍ സ്ഥിതിചെയ്യുന്ന 'കേശവ് കുഞ്ച്' ഓഫിസും സമീപത്തുള്ള ഉദാസിന്‍ ആശ്രമം എന്ന സ്ഥലത്തുള്ള ക്യാംപ് ഓഫിസും സപ്തംബര്‍ ഒന്ന് മുതല്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന്റെ സുരക്ഷയിലായിരിക്കും പ്രവര്‍ത്തിക്കുക. കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

രണ്ട് കെട്ടിട സമുച്ചയങ്ങളിലേക്കുമുള്ള പ്രവേശനവും പുറത്തുകടക്കലും സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. കോമ്പൗണ്ടിന്റെ സുരക്ഷയ്ക്കായി കാവല്‍ക്കാരെ തന്ത്രപ്രധാന മേഖലകളിലാവും വിന്യസിക്കുക. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന് വിഐപി സെക്യൂരിറ്റി യൂനിറ്റിന്റെ 'ഇസഡ് പ്ലസ്' കാറ്റഗറി സുരക്ഷയാണൊരുക്കിയിരിക്കുന്നത്. ഇതോടനുബന്ധിച്ച് ആര്‍എസ്എസ്സിന്റെ നാഗ്പൂര്‍ ഓഫിസിനും സിഐഎസ്എഫ് സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News