പാടത്ത് പശുകയറിയത് ചോദ്യം ചെയ്തു; ആര്‍എസ്എസ് നേതാവിന്റെ മകനെ അടിച്ചുകൊന്നു

Update: 2025-08-30 12:38 GMT

കുശിനഗര്‍(യു പി): സേംര ഹര്‍ദോ ഗ്രാമത്തില്‍ പശുക്കളെ മേയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആര്‍എസ്എസ് നേതാവിന്റെ മകനെ അടിച്ചുകൊന്നു. അയല്‍ക്കാരായ നാലുപേര്‍ ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ജില്ലയിലെ ആര്‍എസ്എസ് ഭാരവാഹി ഇന്ദ്രജിത് സിങ്ങിന്റെ മകന്‍ നാല്‍പതുകാരന്‍ ഉത്കര്‍ഷ് സിങിനെയാണ് കൊലപ്പെടുത്തിയത്. സേംര ഹര്‍ദോ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചതായി കുശിനഗര്‍ പോലിസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ മിശ്ര പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നാലുപ്രതികളില്‍ മൂന്നുപേരെ കസ്റ്റഡിയിലെടുത്തെന്നും, ഒരാള്‍ രക്ഷപ്പെട്ടെന്നും അജയ് കുമാര്‍ സിങ് പറഞ്ഞു. ഗ്രാമത്തിലെ ഉത്കര്‍ഷിന്റെ വയലില്‍ കന്നുകാലികള്‍ മേയുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ ഉത്കര്‍ഷ് സമീപത്തുതാമസിക്കുന്ന കനയ്യ യാദവിന്റെ കുടുംബത്തെ ചോദ്യം ചെയ്തു. തുടര്‍ന്ന് വാക്കുതര്‍ക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചു.

ഉത്കര്‍ഷിനെ കനയ്യയുടെ നാല് ആണ്‍മക്കള്‍ കോടാലികളും വടികളുമായി പിന്തുടര്‍ന്ന്, തലയിലും മറ്റ് ശരീരഭാഗങ്ങളിലും അടിക്കുകയായിരുന്നുവെന്ന് ഇന്ദ്രജിത് പറഞ്ഞു.മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് അക്രമികള്‍ ഉത്കര്‍ഷ് സിങിന്റെ ചെവി മുറിച്ചുമാറ്റുകയും കണ്ണുകുത്തിപ്പൊട്ടിക്കുകയും ചെയ്തു. കാലിന്റെ തുട പകുതി വരെ മുറിക്കുകയും ചെയ്തു. ഗ്യാന്‍ യാദവ്, ശ്രീനിവാസ് യാദവ്, സച്ചിദാനന്ദ് യാദവ്, ദേവേന്ദ്ര യാദവ് എന്നിവര്‍ക്കെതിരെ ഇന്ദ്രജിത് സിങ് നല്‍കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെന്ന് സിഒ പറഞ്ഞു.

Tags: