നാഗ്പൂരില്‍ ആര്‍എസ്എസ് -ഇസ്രായേലി കോണ്‍സല്‍ ജനറല്‍ കൂടിക്കാഴ്ച; പങ്കെടുത്തവരില്‍ കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്കരിയും

Update: 2021-10-16 09:07 GMT

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സംഘപരിവാര നേതാക്കള്‍ ഇസ്രായേലി കോണ്‍സല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിയില്‍ അതിഥിയായാണ് മുംബൈയിലെ ഇസ്രായേലി കോണ്‍സല്‍ ജനറല്‍ കോബി ശോഷാനി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്.

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

മോഹന്‍ ഭാഗവതും ഗഡ്കരിയും ഫഡ്‌നാവിസും ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കള്‍ ആര്‍എസ്എസിന്റെ പരമ്പരാഗത വേഷത്തിലാണ് പരിപാടിയില്‍ പങ്കെടുത്തത്. മോഹന്‍ ഭാഗവത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോള്‍ കോബി ശോഷാനി, നിതിന്‍ ഗഡ്കരിക്ക് സമീപം അതിഥിയായി പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നാഗ്പൂരിലെ ആസ്ഥാനത്ത് ആയുധപൂജ നടത്തിയ ശേഷമാണ് മോഹന്‍ ഭാഗവത് പ്രസംഗം ആരംഭിച്ചത്. വിജയദശമി ആഘോഷ പരിപാടിക്കു ശേഷമാണ് ഇവര്‍ തമ്മില്‍ ചര്‍ച്ച നടത്തിയത്. ഇസ്രായേല്‍ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെയാണ് കൂടിക്കാഴ്ചയുടെ വിവരം പങ്കുവച്ചത്. കൂടിക്കാഴ്ചയില്‍ ചരിത്രവും സംസ്‌കാരവും സമ്പദ്‌വ്യവസ്ഥയും ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും എല്ലാം ചര്‍ച്ചാവിഷയമായി. കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

Tags:    

Similar News