സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് ദോഷകരമല്ലെന്ന് അവകാശപ്പെട്ട് ആര്‍എസ്എസ് മേധാവി; ശരിവച്ച് ആള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍

Update: 2021-07-22 04:40 GMT

ഗുവാഹത്തി: സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളുമുണ്ടാക്കില്ലെന്ന് അവകാശപ്പെട്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഗുവാഹത്തിയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1930ഓടെ ചില ശക്തികള്‍ രാജ്യത്തെ മുസ് ലിം ഭൂരിപക്ഷമായി മാറ്റാനുള്ള പദ്ധതിയിട്ടിട്ടുണ്ടെന്ന് ഭാഗവത് ആരോപിച്ചു. പഞ്ചാബ്, സിന്‍ഡ്, അസം, ബംഗാള്‍ സംസ്ഥാനങ്ങളിലാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്നാണ് ഭാഗവതിന്റെ ആരോപണം.

ഇന്ത്യക്ക് ലോകത്തുനിന്ന് മതേതരത്വമോ സോഷ്യലിസമോ ജനാധിപത്യമോ പഠിക്കേണ്ടതില്ലെന്നും ഇന്ത്യയുടെ രക്തത്തില്‍ ഇതുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

സിഎഎ, എന്‍ആര്‍സി എന്നിവ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എതിരല്ല. ഇന്ത്യന്‍ മുസ് ലിംകള്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല. ന്യാനപക്ഷങ്ങളെ നാം വേണ്ടവിധം പരിരക്ഷിക്കുന്നുണ്ട്. വിഭജനകാലം മുതല്‍ ഇന്ത്യ അത് ചെയ്യുന്നുണ്ട്. പാകിസ്താന്‍ ചെയ്യുന്നില്ല- മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

ആള്‍ ഇന്ത്യ ഇമാം അസോസിയേഷന്‍ ഭാഗവതിന്റെ പ്രസ്താവനയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇമാം അസോസിയേഷന്‍ മേധാവി ഡോ. ഇമാം ഉമര്‍ അഹ്‌മദ് ഇല്യാസിയാണ് ഭാഗവതിന്റെ പ്രസ്താവനയെ ശരിവച്ച് രംഗത്തുവന്നത്. സിഎഎ, എന്‍ആര്‍സി നിയമങ്ങള്‍ ഇന്ത്യന്‍ മുസ് ലിംകളെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടെന്നും രാഷ്ട്രീയം കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമാത്രമേ ബുദ്ധിമുട്ടുണ്ടാവുകയുള്ളുവെന്നും അദ്ദേഹം ആരോപിച്ചു.

ഭാഗവതിന്റെ പ്രസ്താവനയില്‍ നിന്ന് വിരുദ്ധമായി സംശയാസ്പദമായ പൗരത്വമെന്ന പേരില്‍ ലക്ഷക്കണക്കിനു പേരാണ് പല അതിര്‍ത്തി സംസ്ഥാനങ്ങളിലും ദുരിതമനുഭവിക്കുന്നത്. നിരവധി പേര്‍ ജയിലിലാവുകയും ചെയ്തു. ചിലരുടെ കേസില്‍ സന്നദ്ധ സംഘടനകള്‍ ഇടപെട്ട് സുപ്രിംകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. 

Similar News