കര്‍ഷകര്‍ക്കെതിരേ ബലപ്രയോഗമരുത്: കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പു നല്‍കി ആര്‍എസ്എസ്സ് പിന്തുണയുള്ള ഭാരതീയ കിസാന്‍ സംഘവും

Update: 2020-11-27 13:09 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാര്‍ഷിക ബില്ലിനെതിരേയുള്ള സമരത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്ര നടപടിക്കെതിരേ ആര്‍എസ്്എസ്സ്് പിന്തുണയുളള കര്‍ഷക സംഘടനയും. കര്‍ഷകര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്നും സമവയാത്തിനു പകരം ബലം പ്രയോഗിക്കരുതെന്നും ബികെഎസ് ആവശ്യപ്പെട്ടു. അതേസമയം കര്‍ഷകര്‍ രാഷ്ട്രീയപാര്‍ട്ടികളുടെ താല്‍പ്പര്യങ്ങളുടെ ഇരകളായി മാറുകയാണെന്നും ബികെഎസ് ആരോപിച്ചു.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പ്രതിപക്ഷം സമരം റാഞ്ചിയെടുക്കുമെന്ന് ബികെഎസ് കേന്ദ്ര സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.

കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ മൂന്നാം തിയ്യതി വിളിച്ചുചേര്‍ത്തിട്ടുള്ള ചര്‍ച്ച കഴിയും വരെ കാത്തിരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ബികെഎസ് സെക്രട്ടറി ദിനേഷ് കുല്‍ക്കര്‍ണി പറഞ്ഞു. അതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക-അദ്ദേഹം പറഞ്ഞു.

താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സമവായത്തിലെത്തിയില്ലെങ്കില്‍ കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട ഒരു ദേശീയ സമ്മേളനം വിളിക്കുമെന്ന് ബികെഎസ് നേതാക്കള്‍ പറഞ്ഞു. അവിടെനിന്ന് തുടര്‍ നടപടികള്‍ കൈക്കൊള്ളും.

താങ്ങുവില, വ്യാപാരി രജിസ്‌ട്രേഷന്‍, ബാങ്ക് ഗാരണ്ടി തുടങ്ങി ബികെഎസ് കാര്‍ഷിക നിയമത്തില്‍ മൂന്ന് നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

അതേസമയം പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ പാസ്സാക്കിയ നിയമങ്ങള്‍ കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിട്ടില്ലെന്ന് കുല്‍ക്കര്‍ണി കുറ്റപ്പെടുത്തി.