ആറു മെഡിക്കല്‍ കോളജുകളുടെ വികസനത്തിന് 23 കോടി

സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു.

Update: 2019-11-23 15:08 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആറു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി 22,99,98,475 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന് 5.5 കോടി രൂപ, ആലപ്പുഴ മെഡിക്കല്‍ കോളജിന് 3.5 കോടി, കോട്ടയം മെഡിക്കല്‍ കോളജിന് 5 കോടി, കോഴിക്കോട് മെഡിക്കല്‍ കോളജിന് 5.5 കോടി, എറണാകുളം മെഡിക്കല്‍ കോളജിന് 50 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളജിന് 3 കോടി എന്നിങ്ങനെയാണ് തുകയനുവദിച്ചത്. ഈ മെഡിക്കല്‍ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും വിലകൂടിയ ഉപകരണങ്ങളുടെ അറ്റകുറ്റപണികള്‍ക്കുമായാണ് തുകയനുവദിച്ചത്. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഈ തുകയനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്‌ട്രോക്ക് സെന്റര്‍ സജ്ജമാക്കുന്നതിനായി 2.25 കോടി രൂപ, പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് നവീകരിക്കുന്നതിന് 1 കോടി, മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി ബ്ലോക്കിലെ ബയോകെമിസ്ട്രി ലാബില്‍ അധികസൗകര്യമൊരുക്കുന്നതിന് 11.24 ലക്ഷം രൂപ, വിലകൂടിയ ഉപകരണങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ കെ ബ്ലോക്കിലെ ചില്ലര്‍ പ്ലാന്റ്, വിവിധ ബ്ലോക്കുകളുടെ നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുകയനുവദിച്ചത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഇഎന്‍ടി ലക്ചര്‍ ഹാള്‍, പഴയ അത്യാഹിത വിഭാഗത്തിലെ ആര്‍ട്ട് റൂം നവീകരണം, 7, 8 വാര്‍ഡുകളുടെ നവീകരണം, ഒഫ്ത്താല്‍മോളജി തീയറ്റര്‍ നവീകരണം, മെഡിസിന്‍ വാര്‍ഡ്, ഫ്‌ളോറിങ്, പെയിന്റിങ്, വാര്‍ഷിക അറ്റകുറ്റപണികള്‍ തുടങ്ങിയവയ്ക്കാണ് തുകയനുവദിച്ചത്.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തീയറ്റര്‍ നവീകരണത്തിനായി 2.01 കോടി രൂപ, ജനറല്‍ വാര്‍ഡ്, ഐഎംസിഎച്ച്, ഐസിഡി, ഒഫ്താല്‍മോളജി വാര്‍ഡ് എന്നിവിടങ്ങളില്‍ ലിഫ്റ്റ് നിര്‍മാണത്തിനായി 1.98 കോടി, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചത്. എറണാകുളം മെഡിക്കല്‍ കോളജിലെ വാര്‍ഷിക അറ്റകുറ്റപണികള്‍ക്കും 11/110 കെവി ഇലട്രിക്കല്‍ ഇന്‍സ്റ്റലേഷന്‍ തുടങ്ങിയവയ്ക്കുമാണ് തുക അനുവദിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഓഡിറ്റോറിയം നവീകരണം, ക്വാര്‍ട്ടേഴ്‌സ് നവീകരണം, ടോയിലറ്റ് ബ്ലോക്ക് നവീകരണം, മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി നവീകരണം, ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ് നവീകരണം, വാര്‍ഷിക അറ്റകുറ്റപണികള്‍ എന്നിവയ്ക്കായാണ് തുകയനുവദിച്ചത്.

Tags:    

Similar News