ഗുഡ്ഗാവില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ സംഭവം: രക്ഷാദൗത്യം തുടരുന്നു; പോലിസ് അന്വേഷണം ആരംഭിച്ചു

Update: 2022-02-11 05:28 GMT

ഗുഡ്ഗാവ്; ഹരിയാനയിലെ ഗുഡ് ഗാവില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. അവശിഷ്ടങ്ങളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു. ഗുഡ് ഗാവ് സെക്ടര്‍ 109ലെ അപാര്‍ട്ട്‌മെന്റായ പാരഡീസോ ഹൗസിങ് കോംപ്ലക്‌സിന്റെ മേല്‍ക്കൂരയാണ് വ്യാഴാഴ്ച രാത്രി വൈകി തകര്‍ന്നുവീണത്. 

18 നില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു അപാര്‍ട്ട്‌മെന്റിന്റെ ഹാളിന്റെ മേല്‍ക്കൂരയാണ് ആദ്യം താഴോട്ട് പതിച്ചത്. പിന്നീട് മേല്‍ക്കൂര പല നിലകളിലും തര്‍ന്നുവീണു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമിനെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.

'അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ രക്ഷാപ്രവര്‍ത്തകര്‍ വലിയ വെല്ലുവിളിയാണ് നേരിടുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കും'- പോലിസ് കമ്മീഷ്ണര്‍ കെ കെ റാവു പറഞ്ഞു.

എത്ര പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാളുടെ മൃതദേഹം വ്യാഴാഴ്ച രാത്രി 9.15ന് കണ്ടെത്തിയിരുന്നു.

ആളുകള്‍ കുടുങ്ങിക്കിടക്കുന്ന ഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ദുരന്തനിവാരണ സേനയിലെ ഇന്‍സ്‌പെക്ടര്‍ ഓം പ്രകാശ് പറഞ്ഞു. ഒരു സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങള്‍ക്കുള്ളില്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ഗതടസ്സമുള്ളതിനാല്‍ പുറത്തെടുക്കാനായിട്ടില്ല. എത്ര പേര്‍ കുടുങ്ങിയിട്ടുണ്ടെന്നും വ്യക്തമല്ല. അതുകൊണ്ടുതന്നെ രക്ഷാപ്രവര്‍ത്തനം വേഗത്തില്‍ നടത്താനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

കുടുങ്ങിക്കിടക്കുന്ന ഒരാളെ കണ്ടെത്തിയിട്ടുണ്ട്. അദ്ദേഹവുമായി രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചു. പക്ഷേ, പുറത്തെത്തിക്കാനായിട്ടില്ല.

കെട്ടിടത്തിന് അനുമതിയുണ്ടോയെന്ന് പരിശോധന നടക്കുന്നുണ്ട്.

സംസ്ഥാന ദുരന്തനിവാരണസേനയും അഗ്‌നിശമന സേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.