കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ വഴി 9,000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുന്നു

Update: 2022-07-18 08:11 GMT

തിരുവനന്തപുരം: കേരളത്തിലെ രണ്ടായിരം ഹൈസ്‌കൂളുകളില്‍ കൈറ്റ് സ്ഥാപിച്ചിട്ടുള്ള ലിറ്റില്‍ കൈറ്റ്‌സ് ഐടി ക്ലബ്ബുകള്‍ വഴി 9,000 റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കുന്നു. റോബോട്ടിക് ലാബുകള്‍ പൊതുവിദ്യാഭ്യാസത്തിന്റെ മുഖച്ഛായക്ക് മാറ്റുകൂട്ടും. തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ജില്ലാ ക്യാംപ് സന്ദര്‍ശനത്തിനുശേഷം പതിനാല് ജില്ലകളിലേയും ലിറ്റില്‍ കൈറ്റ്‌സ് ക്യാംപംഗങ്ങളുമായി സംവദിക്കവെ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്.

ഏറ്റവും മികച്ച മൂന്ന് ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകള്‍ക്ക് സംസ്ഥാന തലത്തില്‍ രണ്ടുലക്ഷം, ഒന്നര ലക്ഷം, ഒരുലക്ഷം രൂപ വീതവും ജില്ലാതലത്തില്‍ 30,000, 25,000, 15,000 രൂപ വീതവും സമ്മാനം നല്‍കും. ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാവും ഈ പുരസ്‌കാരം നല്‍കുകയെന്നും മന്ത്രി അറിയിച്ചു. കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് ചടങ്ങില്‍ പങ്കെടുത്തു. സബ് ജില്ലാ ക്യാംപുകളില്‍ പങ്കെടുത്ത 14,000 കുട്ടികളില്‍ നിന്നും തിരഞ്ഞെടുത്ത 1,100 കുട്ടികളാണ് രണ്ടുദിവസങ്ങളിലായി നടന്ന ജില്ലാ ക്യാംപുകളില്‍ പങ്കെടുത്തത്.

Tags: