രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനായി റോഡുകള്‍ അടച്ചുപൂട്ടി; കാണ്‍പൂരില്‍ രോഗം മൂര്‍ച്ഛിച്ച് വനിതാ വ്യവസായി ആശുപത്രിയിലെത്താതെ മരിച്ചു

Update: 2021-06-26 13:47 GMT

കാണ്‍പൂര്‍: രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനായി റോഡുകള്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്കില്‍ കുടുങ്ങി കാണ്‍പൂരിലെ വനിതാ വ്യവസായി സമയത്ത് ആശുപത്രിയിലെത്താനാകാതെ മരിച്ചു. കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ചെയര്‍പേഴ്‌സന്‍ വന്ദനാ മിശ്രയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ വാഹനവ്യാഹത്തിനായി റോഡുകള്‍ അടച്ചുപൂട്ടിയതിനാല്‍ ചികില്‍സ ലഭിക്കാതെ മരിച്ചത്.

കൊവിഡ് ബാധിതയായിരുന്ന വന്ദന നെഗറ്റീവായെങ്കിലും കൊവിഡാനന്തര അസ്വസ്ഥതകള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിസിപി പദവിയിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതായി കാണ്‍പൂര്‍ ഡപ്യൂട്ടി കമ്മീഷ്ണര്‍ ബിബിജിടിഎസ് മൂര്‍ത്തി പറഞ്ഞു.

വന്ദനയുടെ മരണത്തില്‍ കാന്‍പൂര്‍ പോലിസ് മാപ്പുപറഞ്ഞു. പോലിസിന്റെ പേരിലും തന്റെ സ്വന്തം പേരിലും മാപ്പപേക്ഷിച്ചുകൊണ്ട് പോലിസ് കമ്മീഷണറാണ് ഔദ്വോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമം നടത്തുമെന്നും അതിന്റെ ഭാഗമാണ് അന്വേഷണമെന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത തടസ്സമുണ്ടായ സമയത്ത് വന്ദന മിശ്ര സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയിലായിരുന്നു. വെളളിയാഴ്ച മുതല്‍ അവര്‍ക്ക് മയക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു.

ഏപ്രില്‍ 2 നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 14 ഓടെ നെഗറ്റീവായെങ്കിലും കൊവിഡാനന്തര രോഗബാധ വിട്ടുമാറിയില്ലെന്ന് അസോസിയേഷന്റെ കാണ്‍പൂര്‍ ഡിവിഷണല്‍ ചെയര്‍മാന്‍ അലോക് അഗര്‍വാള്‍ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ അവരെ പരിശോധനക്ക് വേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലേക്ക് തിരികെവന്നു. വൈകീട്ടായതോടെ രോഗം മൂര്‍ച്ഛിച്ചു. ആറ് മണിയോടെ വീണ്ടും ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയതോടെയാണ് ഗതാഗതക്കുരുക്കില്‍ പെട്ടത്. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ കൃത്രിമ ശ്വാസോച്ഛാസം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ശനിയാഴ്ച രാവിലെ വന്ദന മിശ്രയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തി.

വിഐപി കാറുകള്‍ നഗരത്തിലൂടെ പോകാനുള്ളതിനാല്‍ പല റോഡുകളും അടച്ചുപൂട്ടിയിരുന്നു. അതുപോലെ ഒരു റോഡിലാണ് മിശ്രയുടെ കാര്‍ കുടുങ്ങിയത്. പ്രോട്ടോകോളിന്റെ ഭാഗമായാണ് റോഡുകള്‍ അടച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു.

രാഷ്ട്രപതിക്കു പുറമെ മുഖ്യമന്ത്രിയും ഗവര്‍ണറും കാണ്‍പൂര്‍ നഗരത്തിലുണ്ടായിരുന്നു. രാം നാഥ് കോവിന്ദ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കാണ്‍പൂരിലെത്തിയത്.

വന്ദന മിശ്രയുടെ മരണത്തില്‍ രാഷ്ട്രപതിയും ഖേദം പ്രകടിപ്പിച്ചതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോലിസിനും ജില്ലാ മജിസ്‌ട്രേറ്റിനും അദ്ദേഹം നിര്‍ദേശം നല്‍കി.