റോഡ് പരിപാലന വീഴ്ച; മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു
നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലാണ് വീഴ്ച്ച കണ്ടെത്തിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
മലപ്പുറം: റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിങ് പ്രക്രിയ ആരംഭിക്കാത്ത സംഭവത്തിലാണ് നടപടി. ഈ വര്‍ഷത്തെ പരിശോധനയില്‍ മലപ്പുറം ജില്ലയില്‍ ചിലയിടങ്ങളില്‍ പ്രവൃത്തി നടപ്പിലാക്കുന്നതില്‍ കുറ്റകരമായ അനാസ്ഥ ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടിയെന്നും നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച്ച കണ്ടെത്തിയതെന്നും- മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയിസ്ബുക്കില്‍ കുറിച്ചു.
'പൊതു ജനങ്ങളില്‍ നിന്നും ലഭിച്ച പരാതികള്‍ അന്വേഷിക്കാന്‍ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പെരിന്തല്‍മണ്ണ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പരാതി ഉന്നയിച്ചപ്പോള്‍ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്'-പി എ മുഹമ്മദ് റിയാസ്
റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും പ്രധാന പങ്കുവഹിക്കാന്‍ കഴിയുന്നതാണെന്നും. റണ്ണിങ് കോണ്‍ട്രാക്ട് പദ്ധതിയില്‍ റോഡില്‍ നീല ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും. അതില്‍ നല്‍കിയ ഫോണ്‍ നമ്പറില്‍ വിളിച്ചു പരാതികള്‍ അറിയിക്കാവുന്നതാണെന്നും. പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ ശ്രദ്ധയില്‍പ്പെടുത്താമെന്നും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ വീഴ്ച്ച വരുത്തിയാല്‍ നടപടി തുടരുമെന്നും മന്ത്രി ഫെയിസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.
