വടകര: വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്ത ആര്‍ജെഡി അംഗത്തെ സസ്‌പെന്‍ഡ് ചെയ്ത് പാര്‍ട്ടി. രജനി തെക്കെ തയ്യിലിനെതിരേയാണ് ജില്ലാ പ്രസിഡന്റ എം കെ ഭാസ്‌കരന്‍ നടപടിയെടുത്തത്. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വീഴ്ചവരുത്തിയതിനുമാണ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാര്‍ഥി കോട്ടയില്‍ രാധാകൃഷ്ണന് വോട്ടു ചെയ്തിരുന്നു. രണ്ട് അംഗങ്ങളുള്ള ആര്‍ജെഡിയുടെ ഒരു അംഗം വോട്ടു മാറി ചെയ്തതോടെയാണ് യുഡിഎഫിന് അധ്യക്ഷപദം ലഭിച്ചത്. ഡിവിഷന്‍ പതിനാലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും നേരത്തെ ഏഴു വീതം സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ആര്‍ജെഡി അംഗത്തിന്റെ വോട്ട് ലഭിച്ചതോടെ പ്രസിഡന്റായി കോണ്‍ഗ്രസിലെ കോട്ടയില്‍ രാധാകൃഷ്ണന്‍ വിജയിക്കുകയായിരുന്നു.