കൊവിഡ് പ്രതിരോധത്തില്‍ ബീഹാറിനെ കുറ്റപ്പെടുത്തി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്

Update: 2020-07-26 09:49 GMT

പട്‌ന: കൊവിഡ് പ്രതിരോധത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. രാജ്യത്ത് ഏറ്റവും കുറവ് കൊവിഡ് പരിശോധനകള്‍ നടത്തുന്ന സംസ്ഥാനം ബീഹാറാണ്. ഏറ്റവും കൂടുതല്‍ രോഗസ്ഥിരീകരണ നിരക്കും ബീഹാറിലാണ്- തേജസ്വി യാദവ് പറഞ്ഞു.

പത്ത് ലക്ഷം പേരില്‍ കൊവിഡ് പരിശോധന നടത്തുന്നവരുടെ എണ്ണത്തില്‍ ബീഹാര്‍ ഇന്ത്യയില്‍ ഏറ്റവും പിന്നിലാണെന്നും ട്വിറ്ററില്‍ എഴുതിയ കുറിപ്പില്‍ യാദവ് കുറ്റപ്പെടുത്തി.

''ബീഹാര്‍ വളരെയേറെ ജനസാന്ദ്രതയുളള സംസ്ഥാനമാണ്. ഇവിടെ ഇതുവരെ 0.35 ശതമാനം പേരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമായിട്ടുളളത്. 10 ലക്ഷത്തിന് 3,508 പരിശോധന. ഇത് ഇന്ത്യയില്‍ തന്നെ ഏറ്റവും കുറവ് പരിശോധനാ നിരക്കാണ്. ബീഹാറില്‍ 140 ദിവസത്തിനുളളില്‍ ശരാശരി പ്രതിദിനം 3,158 സാംപിള്‍ പരിശോധനകളാണ് നടത്തിയത്. കഴിഞ്ഞ രണ്ടാഴ്ചയിലെ പരിശോധനകളുടെ എണ്ണം ഇതിലും കുറവാണ്്, 3,000''- യാദവ് ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു.

''രാജ്യത്തെ പരിശോധനാ നിരക്ക് 11,485 ആണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ജൂലൈയില്‍ ബീഹാറിലെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 12.54 ആണ്, ഇത് രാജ്യത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഈ മാസം 25 ദിവസത്തിനുള്ളില്‍ 159 പേര്‍ മരിച്ചു. അതായത് പ്രതിദിനം 6 പേരാണ് മരിക്കുന്നത്. പരിശോധനകളില്ലാതെയും ചികില്‍സയില്ലാതെയുമാണ് പലരും മരിക്കുന്നത്. സര്‍ക്കാര്‍ കുറച്ചുകൂടെ ഗൗരവമായി ഇടപെടണം''- പ്രതിപക്ഷനേതാവ് കൂടിയായ യാദവ് ട്വീറ്റ് ചെയ്തു.

അഖിലേന്ത്യാ തലത്തിലെ കൊവിഡ് മരണനിരക്ക് 2.35 ആണെന്നാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്ക്.

ബീഹാറില്‍ ഇതുവരെ 36,604 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 12,317 ആക്റ്റീവ് കേസുകളുണ്ട്. 24,053 പേര്‍ രോഗമുക്തരായി. 234 പേര്‍ മരിച്ചു. 

Tags:    

Similar News