റിസ്‌വി ചെയ്തത് കടുത്ത പാപം: വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ നീക്കംചെയ്യണമെന്ന് ഹരജി നല്‍കിയ വസിം റിസ്‌വിയെ തള്ളിപ്പറഞ്ഞ് കുടുംബം

Update: 2021-03-15 13:06 GMT

ലഖ്‌നോ: വിശുദ്ധ ഖുര്‍ആനില്‍ നിന്ന് ചില ആയത്തുകള്‍ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയ മുന്‍ ഷിയ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വസീം റിസ്‌വിക്കെതിരേ കുടുംബം. ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് കുടുംബം അദ്ദേഹത്തെ തള്ളിപ്പറഞ്ഞത്.

റിസ്‌വിക്ക് ഉമ്മയുമായോ സഹോദരങ്ങളുമായോ ഭാര്യയുമായോ മക്കളുമായോ യാതൊരു ബന്ധവുമില്ലെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി അദ്ദേഹം കുടുംബത്തോടൊപ്പമല്ല കഴിയുന്നതെന്നും സഹോദരന്‍ വ്യക്തമാക്കി. ''അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യമുണ്ട്. മാത്രമല്ല, അദ്ദേഹം പ്രാര്‍ത്ഥിക്കുകയോ ഉപവസിക്കുകയോ ചെയ്യുന്നില്ല. ഇസ് ലാമുമായി യാതൊരു ബന്ധവും അദ്ദേഹത്തിനില്ല''- സഹോദരന്‍ പറഞ്ഞു.

ചിലരുടെ സ്വാധീനത്തിലാണ് തന്റെ സഹോദരന്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്നും സഹോദരന്‍ ആരോപിച്ചു. ആരാണ് അതിനു പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. വിശുദ്ധ ഖുര്‍ആരന്റെ ആധികാരികതയെ ചോദ്യം ചെയ്തതിലൂടെ റിസ് വി കടുത്തപാപം ചെയ്‌തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിശുദ്ധ ഖുര്‍ആനിലെ 26 ആയത്തുകള്‍ വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട കഴിഞ്ഞ ആഴ്ചയാണ് റിസ് വി സുപ്രിംകോടതയില്‍ പൊതുതാല്‍പ്പര്യ ഹരജി നല്‍കിയത്. ഖുര്‍ആനിലെ 26 ആയത്തുകള്‍ 'അക്രമത്തെ പ്രേരിപ്പിക്കുന്നുവെന്നും ആദ്യത്തെ മൂന്ന് ഖലീഫകളുടെ കാലത്താണ് ഇത് ഖുര്‍ആന്റെ ഭാഗമാകുന്നതെന്നുമാണ് റിസ്‌വിയുടെ ആരോപണം. മതഗ്രന്ഥത്തെ കോടതിയിലേക്ക് വലിച്ചിഴച്ചതിനും വിദ്വേഷപ്രചാരണത്തിന് ഉപയോഗിച്ചതിനുമെതിരേ കടുത്ത പ്രതിഷേധമാണ് രാജ്യത്തുണ്ടായത്.

അഖിലേന്ത്യാ ഷിയ പേഴ്‌സണല്‍ ലോ ബോര്‍ഡും (എ.ഐ.എസ്.പി.എല്‍.ബി) മറ്റ് നിരവധി ഷിയ സംഘടനകളും വസീം റിസ്‌വിക്കെതിരേ രംഗത്തുവന്നിട്ടുണ്ട്. വഖഫ് ബോര്‍ഡിലെ അഴിമതി മറയ്ക്കുന്നതിനുള്ള നീക്കമാണ് റിസ് വിയുടേതെന്നും മുസ് ലിം വിരുദ്ധരുടെ ഏജന്റാണ് അദ്ദേഹവുമെന്ന ആരോപണവുമായി ഷിയ സംഘടനകളും ആഞ്ഞടിച്ചു. ഇസ് ലാം വിരുദ്ധരുടെ പിന്തുണ ലഭിക്കുന്നതിനുവേണ്ടിയാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തികളെന്ന് ഷിയ പണ്ഡിതനും മജ്‌ലിസ് ഇ ഉലമ ഇ ഹിന്ദ്ാ മേധാവി മൗലാന കല്‍ബെ ജവാദ് പറഞ്ഞു.

Tags:    

Similar News