ആര്യാടന്‍ ഷൗക്കത്തിനെ മലപ്പുറം ഡിസിസി പ്രസിഡന്റാക്കുന്നതിനെതിരേ കോണ്‍ഗ്രസ്സില്‍ കലാപം

Update: 2021-03-16 13:08 GMT

മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റായി ആര്യാടന്‍ ഷൗക്കത്തിനെ നിയമിച്ചാല്‍ ശക്തമായി ചെറുക്കാന്‍ നീക്കം. വ്യക്തിപരമായി സംശുദ്ധനായ വ്യക്തിയെവേണം ഡിസിസി പ്രസിഡന്റായി നിയമിക്കേണ്ടതെന്നാണ് ഒരു വിഭാഗം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായി സി ഹരിദാസിനെ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിക്കേണ്ടതെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ താല്‍പര്യം.

ഇപ്പോഴത്തെ ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ നോമിനിയായാണ് നിയമിതനായിരുന്നത്. ഡിസിസി പ്രസിഡന്റ് എന്ന നിലയില്‍ തന്നെ പാടെ പരാജിതനായ വി വി പ്രകാശ് നിയമസഭയിലേക്ക് മത്സരിക്കാന്‍ മുതിര്‍ന്നതു തന്നെ തെറ്റായ തീരുമാനമായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. സ്വന്തം താമസസ്ഥലത്ത് ഒരു ബൂത്ത് കമ്മിറ്റി പോലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി സൃഷ്ടിക്കാന്‍ കഴിയാത്ത ഇയാള്‍ എന്തു ധൈര്യത്തിലാണ് മത്സരിക്കാന്‍ എത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദിക്കുന്നു.  മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ തണലില്‍ കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ തട്ടിയെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന ആര്യാടന്‍ ഷൗക്കത്തിനെ മലപ്പുറം ഡി സി സി പ്രസിഡന്റാക്കിയാല്‍ അത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അപമാനിക്കുന്നതിന് തുല്യമാണെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.

Tags: