ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പ്രതി

Update: 2025-01-20 08:32 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 34 കാരിയായ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പ്രതി സഞ്ജയ് റോയ്. തന്നെ കേസില്‍ കുടുക്കിയതാണെന്നും ഇയാള്‍ കോടതിയില്‍ ആവര്‍ത്തിച്ചു.

കേസില്‍ കോടതി ഇന്ന് ശിക്ഷ വിധിക്കും. ജഡ്ജി അനിര്‍ബന്‍ ദാസ് ആണ് കേസില്‍ വിധി പറയുക.കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും പ്രതിക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ശിക്ഷ പ്രഖ്യാപിക്കാന്‍ ഉച്ചയ്ക്ക് 2.45ന് കോടതി ചേരും.

ശിക്ഷാവിധിക്ക് ശേഷം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കോടതി പരിസരം കനത്ത പോലിസ് കാവലിലാണ്. അനുമതി നിഷേധിച്ചിട്ടും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിക്ക് സമീപം തടിച്ചുകൂടിയിട്ടുണ്ട്. കേസില്‍ ഇനിയും പ്രതികള്‍ ഉണ്ടെന്നും അവരൊന്നും രക്ഷപ്പെട്ടുകൂടെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് ഇരയുടെ മാതാപിതാക്കള്‍ പറഞ്ഞു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട മറ്റ് കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും അവര്‍ ആരോപിച്ചു. ഭാവിയില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടാതാതിരിക്കണമെങ്കില്‍ ഇത്തരം കുറ്റവാളികള്‍ക്ക് ജീവിക്കാന്‍ അവകാശം നല്‍കരുതെന്നും അവര്‍ പറഞ്ഞു.

Tags: