ആര്‍ജി കര്‍ ബലാല്‍സംഗക്കൊല: പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യം; അപ്പീല്‍ നല്‍കി സിബിഐ

Update: 2025-01-24 09:32 GMT

കൊല്‍ക്കത്ത: ആര്‍ജി കര്‍ ബലാല്‍സംഗ-കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കല്‍ക്കട്ട ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ.

സിബിഐയുടെ അപ്പീലില്‍ ജനുവരി 27 ന് വാദം കേള്‍ക്കുമെന്ന് ജസ്റ്റിസ് ദേബാങ്സു ബസക് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. കീഴ്‌ക്കോടതി ഉത്തരവിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സിക്ക് അവകാശമുണ്ടെന്ന് സിബിഐയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ രാജ്ദീപ് മജുംദാര്‍ പറഞ്ഞു.

2024 ഓഗസ്റ്റ് 9 ന് ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ സഞ്ജയ് റോയിയെ ജീവിതാവസാനം വരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. സീല്‍ദാ കോടതിയാണ് കോസില്‍ വിധി പറഞ്ഞത്.

2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരിയായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറെ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊല്‍്ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സെറ്റിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.

Tags: