ലുങ്കി മടക്കിക്കുത്തിയതിന് പോലിസിന്റെ കരണത്തടി; ലുങ്കിക്ക് പകരം നൈറ്റിയാക്കി പ്രതിഷേധം തീര്‍ത്ത യഹ്‌യ അന്തരിച്ചു

നരേന്ദ്രമോദി നോട്ട് നിരോധിച്ചതില്‍ പ്രതിഷേധിച്ച യഹ്‌യ പകുതി മീശയും പകുതി മുടിയും വടിച്ച് പ്രതിഷേധിച്ചിരുന്നു.

Update: 2021-09-12 09:11 GMT

കൊല്ലം: പോലിസുകാരന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ ജീവിതം പ്രതിഷേധമാക്കിയ കൊല്ലം കടയ്ക്കല്‍ സ്വദേശി യഹിയ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.

മുണ്ടു മടക്കി കുത്തിയതിന് പോലിസുകാരന്‍ മുഖത്തടിച്ചതിനുശേഷം നൈറ്റി ഇട്ടു പ്രതിഷേധിച്ച യഹിയ, പിന്നീട് മരണം വരെയും നൈറ്റി വസ്ത്രമാക്കി.

നേരത്തെ നരേന്ദ്ര മോഡി നോട്ട് നിരോധനം നടപ്പിലാക്കിയതില്‍ പ്രതിഷേധിച്ച് യഹയ പകുതി മീശയും പകുതി മുടിയും വടിച്ചിരുന്നു. ഇതേക്കുറിച്ച് മന്‍കി ബാത്ത് എന്ന പേരില്‍ സനു കുമ്മിള്‍ ഹ്രസ്വ ചിത്രവും പുറത്തിറങ്ങിയിരുന്നു. പ്രതിഷേധത്തിന്റെ കനലൊടുങ്ങാത്ത ജീവിതമായിരുന്നു യഹ്‌യ യുടേത്.

ഏറെക്കാലം ചെറിയതട്ടുകട(ആര്‍എംഎസ് തട്ടുകട) നടത്തുകയായിരുന്നു.

മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ കഴിഞ്ഞത്. നാട്ടുകാര്‍ എത്തിച്ച് നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ആശ്രയം. ഇക്കാര്യം വാര്‍ത്തയായതോടെ മനുഷ്യാവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു.

കബറടക്കം പുതുക്കോട് ജുമാ മസ്ജിദില്‍.

Tags: