അമരീന്ദര്‍ സിങ്ങും അമിത് ഷായും ചര്‍ച്ച നടത്തിയത് കര്‍ഷക പ്രക്ഷോഭം സംബന്ധിച്ചെന്ന് വെളിപ്പെടുത്തല്‍

Update: 2021-09-29 18:12 GMT

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയത് ബിജെപി പ്രവേശനം സംബന്ധിച്ചാണെന്ന അഭ്യൂഹം നിലനില്‍ക്കെ വെളിപ്പെടുത്തലുമായി അമരീന്ദര്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവ്.

കര്‍ഷക സമരത്തെക്കുറിച്ചാണ് ഇരുവരും പ്രധാനമായി ചര്‍ച്ച നടത്തിയതെന്ന് മാധ്യമ ഉപദേഷ്ടാവ് രവീണ്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു. എന്നാല്‍, ഇത് സംബന്ധിച്ച് അമരീന്ദര്‍ സിങ് നേരിട്ട് വ്യക്തത നല്‍കിയിട്ടില്ല. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കണമെന്നും അമരീന്ദര്‍ സിങ് അമിത് ഷായോട് ആവശ്യപ്പെട്ടതായി രവീണ്‍ തുക്രാല്‍ വ്യക്തമാക്കി.

പ്രശ്‌നപരിഹാരത്തിനായി ഇരുവരും നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് അമിത് ഷായുമായി ചര്‍ച്ച നടത്തിയത്.


Tags:    

Similar News