'പോ മോനെ വിജയാ' എന്ന പരാമര്‍ശം രേവന്ദ് റെഡ്ഡി പിന്‍വലിക്കണം; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ വി ശിവന്‍കുട്ടി

Update: 2026-04-02 14:26 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 'പോ മോനെ വിജയാ' എന്ന് വിളിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പരാമര്‍ശം പിന്‍വലിക്കണമെന്ന് വി ശിവന്‍കുട്ടി. രേവന്ദിന്റെ രാഷ്ട്രീയ മണ്ടത്തരങ്ങള്‍ തെലങ്കാനയില്‍ വെച്ചാല്‍ മതിയെന്നും യുപിയിലോ ഗുജറാത്തിലോ ചെന്ന് അദ്ദേഹം ഈ രീതിയില്‍ അധിക്ഷേപം നടത്തുമോയെന്നും ശിവന്‍കുട്ടി ചോദിച്ചു.

തെലങ്കാന മുഖ്യമന്ത്രി നടത്തിയത് രാഷ്ട്രീയ മര്യാദയില്ലാത്ത പരാമര്‍ശം. പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും. പരാമര്‍ശത്തോടെ എല്‍ഡിഎഫിന്റെ അന്തസ് വര്‍ദ്ധിച്ചു. കോണ്‍ഗ്രസിന്റെ നിലവാരം ബോധ്യപ്പെട്ടുവെന്ന് ശിവന്‍കുട്ടി വിമര്‍ശിച്ചു. നേമം മണ്ഡലത്തില്‍ റെയില്‍വേ മെയില്‍ സര്‍വീസുകള്‍ വഴി സംശയാസ്പദമായ ചില ബോക്സുകള്‍ വന്നെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

'തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ആക്ഷേപിച്ചു. പ്രസ്താവന ശരിയല്ല. അത് പിന്‍വലിക്കേണ്ടതുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രി ആരാണെന്ന് രേവന്ദ് റെഡ്ഡിക്ക് ഒരുപക്ഷേ അറിയണമെന്നില്ല. ആര്‍എസ്എസിനെതിരെ അതിശക്തമായി പോരാടുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. രേവന്ദിന്റെ രാഷ്ട്രീയ മണ്ടത്തരങ്ങള്‍ തെലങ്കാനയില്‍ വെച്ചാല്‍ മതി. യുപിയിലോ ഗുജറാത്തിലോ ചെന്ന് രേവന്ദ് റെഡ്ഡി ഈ രീതിയില്‍ അധിക്ഷേപം നടത്തുമോ? രേവന്ദ് റെഡ്ഡി തരത്തില്‍ പോയി കളിക്കണം. പിണറായി വിജയന്റെ രാഷ്ട്രീയ പാരമ്പര്യം പഠിക്കണം'. ശിവന്‍കുട്ടി പറഞ്ഞു.

നേമം മണ്ഡലത്തില്‍ ബിജെപിയുടെ വാദങ്ങള്‍ക്കും ശിവന്‍കുട്ടി മറുപടി നല്‍കി. പരസ്യ സംവാദത്തിനുള്ള വെല്ലുവിളി താന്‍ ഏറ്റെടുത്തപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ പിന്നെ ആ വഴിക്ക് വന്നില്ല. സംവാദത്തിന് ഇപ്പോഴും തയ്യാറാണ്. നുണപ്രചാരണം കൊണ്ട് വിജയം നേടാമെന്നുള്ളത് വ്യാമോഹം. നേമത്തെ വികസനങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ കണ്ണുതുറന്ന് ഒന്ന് കാണണം. ഉദ്ഘാടനം കഴിഞ്ഞതൊക്കെ വേണമെങ്കില്‍ അങ്ങയെക്കൊണ്ട് ഒന്നുകൂടെ ഉദ്ഘാടനം ചെയ്യിക്കാം.

വികസനം ഒന്നും നടക്കുന്നില്ല എന്ന് പറഞ്ഞ് ബിജെപി പുറത്തിറക്കിയ നോട്ടീസ് പിന്‍വലിക്കണം. അല്ലെങ്കില്‍ പരസ്യ സംവാദത്തിന് തയ്യാറാകണം. ബിജെപിയുടെ നോട്ടീസും ചര്‍ച്ച ചെയ്യാം. നേമത്തെ വികസനവും ചര്‍ച്ച ചെയ്യാം. ഒ രാജഗോപാലിന്റെ കാലത്തെ വികസനവും ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം വ്യക്തമാക്കി.

നേമം മണ്ഡലത്തില്‍ സംശയാസ്പദമായി വന്ന ബോക്‌സുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ആര്‍എംഎസ് വഴി നാല് ബോക്സുകളാണ് നേമത്ത് വന്നിട്ടുള്ളത്. കൊണ്ടുവന്ന വാഹനത്തിന്റെ നമ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസിനും കൈമാറിയിട്ടുണ്ട്. ബോക്സുകള്‍ വന്നത് സംബന്ധിച്ച് അന്വേഷണം നടക്കേണ്ടതുണ്ട്. മണ്ഡലത്തില്‍ അടുത്ത കാലത്തായി യുപി രജിസ്്ട്രേഷന്‍ വാഹനങ്ങള്‍ ധാരാളമായി വന്നുപോകുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയങ്ങളില്‍ അന്വേഷണം നടത്തണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Tags: