പത്തനംതിട്ട: ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വലിയ ഭക്തജനത്തിരക്ക്. സാധ്യമായ എല്ലാ വാതിലിലൂടെയുെ ഭക്തജനങ്ങളെ കടത്തിവിടുകയാണ്. മണിക്കൂറുകളോളം വെള്ളം പോലുമില്ലാതെ ക്യൂ നില്‍ക്കേണ്ടിവരികയാണെന്ന് ഭക്തര്‍ പറയുന്നു. നിലവിലെ നിയന്ത്രണങ്ങള്‍ എല്ലാം പാളിയ സ്ഥിതിയാണ് ഇപ്പോള്‍ ശബരിമലയിലുള്ളത്. മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ വീഴ്ച വന്നെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.
ഇങ്ങനെയൊരു ആള്‍ക്കൂട്ടം വരാന്‍ പാടില്ലായിരുന്നുവെന്നും പമ്പയില്‍ വന്നുകഴിഞ്ഞാല്‍ ആളുകള്‍ക്ക് മൂന്നും നാലും മണിക്കൂര്‍ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.വരിയില്‍ ഏറെനേരം നില്‍ക്കാന്‍ സാധിക്കാത്തതിനാല്‍ പലരും മറ്റ് വഴികളിലൂടെ ചാടി വന്നവരാണ്. ഇവരെ 18ാം പടി കടത്തിവിടാനുള്ള നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധയില്‍പ്പെട്ട കാര്യങ്ങള്‍ പരിഹരിച്ചുവരികയാണെന്ന് ജയകുമാര്‍ പറഞ്ഞു. സ്‌പോട്ട് ബുക്കിങ്ങിനായി ഏഴ് അധിക സ്പോട്ടുകള്‍ നിലയ്ക്കലില്‍ ഇന്ന് സ്ഥാപിക്കും. ഭക്തരുടെ അടുക്കലേയ്ക്ക് വെള്ളവുമായി എത്താനുള്ള ഏര്‍പ്പാടുകളും ചെയ്തു. മറ്റൊന്ന് ടോയ്ലറ്റുകള്‍ വൃത്തിയാക്കുന്നതാണ്. ഇതിനായി തമിഴ്നാട്ടില്‍ നിന്ന് 200 പേരെ കൊണ്ടുവരുന്നുണ്ട്. പമ്പ മലിനമാണ്. അത് പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.