റെസ്റ്റോറന്റുകള്‍ ബില്ലില്‍ എല്‍പിജി ചാര്‍ജ് ഈടാക്കുന്നത് അനുവദനീയമെല്ലെന്ന് കേന്ദ്രം

Update: 2026-03-26 05:58 GMT

ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഭക്ഷണ ബില്ലിനൊപ്പം അധികമായി ഈടാക്കുന്ന എല്‍പിജി ചാര്‍ജ്, ഗ്യാസ് ചാര്‍ജ് തുടങ്ങിയവയ്‌ക്കെതിരേ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) കര്‍ശന നിലപാട് സ്വീകരിച്ചു. ഇത്തരം അധിക ചാര്‍ജുകള്‍ 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം 'അന്യായ വ്യാപാര രീതി' ആണെന്ന് അധികൃതര്‍ വ്യക്തമാക്കി.

പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ഗ്യാസ്, വൈദ്യുതി എന്നിവ പോലുള്ള പ്രവര്‍ത്തനച്ചെലവുകള്‍ ഭക്ഷണത്തിന്റെ വിലയില്‍ തന്നെ ഉള്‍പ്പെടുത്തണം. ഇവ പ്രത്യേകം ചാര്‍ജുകളായി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ പാടില്ല. മെനുവില്‍ കാണിക്കുന്ന വില തന്നെയായിരിക്കണം ഉപഭോക്താവ് അടയ്‌ക്കേണ്ട അന്തിമ തുക. ഇതിന് പുറമെ സര്‍ക്കാര്‍ നിശ്ചയിച്ച നികുതികള്‍ മാത്രമേ ഈടാക്കാവൂ. സര്‍വീസ് ചാര്‍ജ് ഒഴിവാക്കി 'ഫ്യുവല്‍ റിക്കവറി കോസ്റ്റ്' പോലുള്ള പേരുകളില്‍ ഈടാക്കിയാലും അത് നിയമലംഘനമായി കണക്കാക്കും. ഉപഭോക്താവിന്റെ സമ്മതമില്ലാതെ ബില്ലില്‍ ഇത്തരം ചാര്‍ജുകള്‍ ഉള്‍പ്പെടുത്തുന്നത് അനുവദനീയമല്ലെന്നും സിസിപിഎ വ്യക്തമാക്കി.

ബില്ലില്‍ ഗ്യാസ് ചാര്‍ജ് ഉള്‍പ്പെടുത്തിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് ചോദ്യം ചെയ്യാം. ഹോട്ടല്‍ അധികൃതരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടാതെ, ബില്ല് അടക്കമുള്ള തെളിവുകള്‍ ശേഖരിക്കണമൈന്നും നിര്‍ദേശം നല്‍കി. മെനു കാര്‍ഡിന്റെ ചിത്രം, ബില്ലിന്റെ പകര്‍പ്പ് എന്നിവ സൂക്ഷിക്കുക. പരാതി നല്‍കുന്നതിനായി 1915 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിക്കാം. 8800001915 എന്ന വാട്‌സാപ്പ് നമ്പറിലേക്കും സന്ദേശം അയക്കാം. എന്‍സിഎച്ച് മൊബൈല്‍ ആപ്പ് വഴിയോ ഉപഭോക്തൃ കമ്മീഷന്‍ പോര്‍ട്ടല്‍ വഴിയോ ഓണ്‍ലൈനായി പരാതികള്‍ നല്‍കാനാകും. ജില്ലാ കലക്ടര്‍ക്കോ ബന്ധപ്പെട്ട അധികാരികള്‍ക്കോ നേരിട്ടും പരാതി സമര്‍പ്പിക്കാം. എല്‍പിജി വില വര്‍ധനയും ലഭ്യതക്കുറവും ചൂണ്ടിക്കാട്ടി ചില നഗരങ്ങളില്‍ ഹോട്ടലുകള്‍ ഇത്തരം അധിക ചാര്‍ജുകള്‍ ഈടാക്കിയിരുന്നു. ഇത്തരം നടപടികള്‍ക്കെതിരേ രാജ്യവ്യാപകമായി നിരീക്ഷണം ശക്തമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Tags: