സിനിമക്കെതിരേയുള്ള ഹിന്ദുത്വ ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കുക: ഫിലിം സൊസൈറ്റി ഫെഡറേഷന്‍

എന്തിനെയും ഏതിനെയും മതത്തിന്റെ ദൃഷ്ടിയിലൂടെ മാത്രം കാണാനും തങ്ങള്‍ക്ക് ഹിതകരമല്ലാത്തതെല്ലാം അടിച്ചു തകര്‍ക്കാനും ശ്രമിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ കേരളത്തിലും അവരുടെ രാക്ഷസരൂപം പുറത്തെടുത്തു തുടങ്ങി എന്നതാണ് ഈ സംഭവത്തിലൂടെ തെളിയുന്നത്.

Update: 2020-05-25 16:16 GMT

കോഴിക്കോട്: കാലടി മണപ്പുറത്ത് ബാസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന സിനിമയ്ക്കായി നിര്‍മ്മിച്ച പള്ളിയുടെ സെറ്റ് ഹിന്ദുത്വ ഭീകരര്‍ അടിച്ചു തകര്‍ത്ത കിരാത നടപടിയെ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ കേരള റീജിയന്‍ (എഫ്എഫ്എസ്‌ഐ) അതിശക്തമായി അപലപിച്ചു.

സ്വതന്ത്രമായ കലാവിഷ്‌കാരങ്ങള്‍ക്കും ആശയപ്രകാശനത്തിനും ചലച്ചിത്ര പ്രവര്‍ത്തനത്തിനുമെതിരേ ഇന്ത്യയിലെ ഹിന്ദുത്വ ഭീകരര്‍ കഴിഞ്ഞ കുറേ നാളുകളായി നടത്തിവരുന്ന അക്രമണത്തിന്റെ തുടര്‍ച്ചയാണ് ആസൂത്രിതമായ ഈ ആക്രമണമെന്ന് എഫ്എഫ്എസ്‌ഐ കരുതുന്നു. എന്തിനെയും ഏതിനെയും മതത്തിന്റെ ദൃഷ്ടിയിലൂടെ മാത്രം കാണാനും തങ്ങള്‍ക്ക് ഹിതകരമല്ലാത്തതെല്ലാം അടിച്ചു തകര്‍ക്കാനും ശ്രമിക്കുന്ന ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തിന്റെ വക്താക്കള്‍ കേരളത്തിലും അവരുടെ രാക്ഷസരൂപം പുറത്തെടുത്തു തുടങ്ങി എന്നതാണ് ഈ സംഭവത്തിലൂടെ തെളിയുന്നത്.

ജനാധിപത്യ കേരളം ഈ ആക്രമണത്തെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ഫാസിസ്റ്റ് ഭീകരരുടെ ആയുധങ്ങള്‍ നാളെ സ്വതന്ത്രമായ എല്ലാ കലാവിഷ്‌കാരങ്ങളെയും കശാപ്പു ചെയ്യും എന്ന് എഫ്എഫ്എസ്‌ഐ ഭയപ്പെടുന്നു.

ഈ ആക്രമണത്തിന് കോപ്പുകൂട്ടിയ മുഴുവന്‍ ശക്തികളെയും എത്രയും പെട്ടെന്ന് നിയമത്തിനു മുന്നില്‍ കൊണ്ടു വരികയും അവര്‍ക്ക് അര്‍ഹമായ പരമാവധി ശിക്ഷ നല്‍കുകയും ചെയ്യണമെന്നും ഒപ്പംഅവരില്‍ നിന്ന് ഈ അക്രമം വഴി നഷ്ടമായ മുഴുവന്‍ തുകയും പ്രസ്തുത ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ക്ക് നഷ്ടപരിഹാരമായി നല്‍കുകയും വേണമെന്ന് കേരള സര്‍ക്കാരിനോട് എഫ്എഫ്എസ്‌ഐ ആവശ്യപ്പെടുന്നു.

സിനിമ എന്ന കലാരൂപത്തിനുമേല്‍ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ അക്രമണങ്ങളെ തുറന്നെതിര്‍ക്കാനും അത്തരം ശക്തികളെ ഒറ്റപ്പെടുത്താനും മുഴുവന്‍ ചലച്ചിത്ര പ്രേമികളും സാസ്‌കാരിക സാമൂഹിക പ്രവര്‍ത്തകരും മുന്നോട്ട് വരണമെന്ന് എഫ്എഫ്എസ്‌ഐ സെക്രട്ടറി വി കെ ജോസഫ്, വൈസ് പ്രസിഡണ്ട് ചെലവൂര്‍ വേണു, റീജിയണല്‍ സെക്രട്ടറി കെ ജി മോഹന്‍ കമാര്‍ എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News