സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാം വെങ്കിട്ടരാമന്‍ ആലപ്പുഴ കലക്ടര്‍, ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടര്‍

എറണാകുളം ജില്ലാ കലക്ടറായി രേണു രാജും തിരുവനന്തപുരം കലക്ടറായി ജെറോമിക് ജോര്‍ജ്ജും ചാര്‍ജ്ജെടുക്കും

Update: 2022-07-23 14:19 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചു. എറണാകുളം ജില്ലയുടെ പുതിയ കലക്ടറായി രേണു രാജിനെ നിയമിച്ചു. തിരുവനന്തപുരത്ത് ജെറോമിക് ജോര്‍ജ്ജ് കലക്ടറാവും. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫര്‍ മാലിക് പിആര്‍ഡി ഡയറക്ടറാവും. തിരുവനന്തപുരം കലക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പറേഷന്‍ എംഡിയുടെ ചുമതലയും നവജ്യോത് ഖോസെക്കാണ്. കെഎസ്‌ഐഡിസി മാനേജിങ് ഡയറക്ടറായി ഹരികിഷോറിനെ നിയമിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വണ്ടിയിടിച്ചുകൊലപ്പെടുത്തിയതോടെയാണ് കരിയറില്‍ നിറം മങ്ങിയത്. വാഹന അപകടക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതോടെ ശ്രീറാം സസ്‌പെന്‍ഷനിലായി. ദീര്‍ഘനാളത്തെ സസ്‌പെന്‍നുശേഷം സര്‍വ്വീസില്‍ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമന്‍ ആരോഗ്യവകുപ്പിലാണ് പ്രവര്‍ത്തിച്ചിരുന്നത്. സെക്രട്ടേറിയേറ്റിന് അകത്ത് പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാതെയുള്ള നിയമനമായിരുന്നു വെങ്കിട്ടരാമന്റേത്. എന്നാല്‍ ഇതാണ് ആലപ്പുഴ ജില്ലാ കലക്ടറായതോടെ മാറിയത്.

ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡിയുമായിരുന്നു ഡോ. ശ്രീറാം വെങ്കിട്ടരാമന്‍. ആലപ്പുഴ ജില്ലാ കലക്ടറായിരുന്ന ഡോ. രേണു രാജുവുമായുള്ള ശ്രീറാം വെങ്കിട്ടരാമന്റെ വിവാഹം ഈ കഴിഞ്ഞ ഏപ്രില്‍ 28നായിരുന്നു നടന്നത്.

എറണാകുളം സ്വദേശിയാണ് ശ്രീറാം വെങ്കിട്ടരാമന്‍. എംബിബിഎസ് എംഡി ബിരുധധാരിയാണ്. ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് എം.ബി.ബി.എസ്. നേടി ഡോക്ടറായി പ്രവര്‍ത്തിക്കുമ്പോഴാണ് സിവില്‍ സര്‍വീസിലെത്തിയത്. ഇരുവരും 2013ലും 2014ലും അടുത്തടുത്ത വര്‍ഷങ്ങളില്‍ രണ്ടാം റാങ്കോടെയാണ് ഐഎഎസിലെത്തിയത്. 

Tags:    

Similar News