സ്വകാര്യ ആശുപത്രിയിലെ 80 ശതമാനം ഐസിയു കിടക്കകളും കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കാന്‍ ഉത്തരവിട്ട് ഡല്‍ഹി സര്‍ക്കാര്‍; പ്രതിഷേധവുമായി സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍
ഡല്‍ഹി: കൊവിഡ് ബാധിച്ച് ആശുപത്രിയിലാവുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ ഡല്‍ഹിയില്‍ ആരോഗ്യ മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി. നിലവില്‍ ഡല്‍ഹിയില്‍ ഒഴിഞ്ഞു കിടക്കുന്ന ഐസിയു കിടക്കകളുടെ എണ്ണം കുറഞ്ഞതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കൊവിഡ് രോഗികള്‍ക്ക് മാറ്റിവച്ച 2,201 ഐസിയു കിടക്കകളില്‍ 35 ശതമാനം മാത്രമാണ് ഇപ്പോള്‍ ഒഴിവുള്ളത്. ഈ സാഹചര്യത്തില്‍ വലിയ 28 ആശുപത്രികളുടെ 80 ശതമാനവും കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടു. അതേസമയം സര്‍ക്കാരിന്റെ നിലപാടിനെതിരേ സ്വകാര്യ ആശുപത്രികള്‍ രംഗത്തുവന്നതായും റിപോര്‍ട്ടുണ്ട്.
ഡല്‍ഹി ആരോഗ്യ ബുളളറ്റിന്‍ നല്‍കുന്ന കണക്കുപ്രകാരം പ്രതിദിനം 6,503 പേരാണ് ആശുപത്രികളിലെത്തുന്നത്. ജൂണ്‍ മാസത്തില്‍ ഡല്‍ഹി ഏറ്റവും ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോയ കാലത്ത് പോലും പ്രതിദിനം ആശുപത്രിയിലെത്തിയിരുന്നവര്‍ 6200 പേരാണ്. ഇപ്പോഴത്തെ കണക്കുകള്‍ അതിനെയും കടത്തിവെട്ടി. രോഗികളില്‍ 22 ശതമാനം മാത്രമാണ് ഡല്‍ഹിയില്‍ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിക്കിടക്കകളുടെ എണ്ണത്തെ കുറിച്ച് ഒരു നയം തയ്യാറാക്കാന്‍ സര്‍ക്കാര്‍ 3 മാസം മുമ്പ് ഒരു കമ്മിറ്റി വിളിച്ചുചേര്‍ത്തിരുന്നു. ജൂണോടുകൂടി 15,000 കിടക്കകള്‍ കൂടി ആവശ്യമായി വരുമെന്ന് ആ കമ്മിറ്റി ശുപാര്‍ശ ചെയ്തു. ജൂലൈയില്‍ 42,000 വേണമെന്നും പിന്നീട് അത് കുറയുമെന്നുമായിരുന്നു കണക്കുകൂട്ടല്‍.
നിലവില്‍ ഡല്‍ഹിയില്‍ 14,397 കൊവിഡ് കിടക്കകളാണ് ഉള്ളത്. ഇത് സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലെ മൊത്തം കണക്കാണ്. അതില്‍ തന്നെ 15 ശതമാനമാണ് ഐസിയു കിടക്കകള്‍.
പ്രതിസന്ധി രൂക്ഷമായതോടെ ഐസിയു കിടക്കകളുടെ എണ്ണം കൂട്ടാന്‍ ഡല്‍ഹി സര്‍ക്കാര്‍, സ്വന്തം ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കുകയാണ് ആദ്യം ചെയ്തത്. ലോക് നായക്, ഗുരു തേജ് ബഹാദൂര്‍, രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങിയ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളിലായി ഇപ്പോള്‍ 600 ഐസിയു കിടക്കകളുണ്ട്. അതില്‍ 48 ശതമാനമാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്.
എന്നാല്‍ വലിയ സ്വകാര്യ ആശുപത്രികളില്‍ ഐസിയു കിടക്കകള്‍ ഒട്ടും ലഭ്യമല്ല. ഇവിടെ 85 ശതമാനത്തിലും രോഗികളുണ്ട്. പ്രതിദിന ആശുപത്രി പ്രവേശം വര്‍ധിച്ചവരുന്ന സാഹചര്യത്തില്‍ ഇത് പോരെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളില്‍ ഐസിയുവില്‍ 80 ശതമാനവും കൊവിഡ് രോഗികള്‍ക്ക് സംവരണം ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രോഗികളില്ലെങ്കിലും കിടക്കകള്‍ മാറ്റിവെക്കേണ്ടിവരുമെന്ന ഭീഷണിയും നിലനില്‍ക്കുന്നു. മാറ്റിവയ്ക്കാത്ത ആശുപത്രികള്‍ക്കെതിരേ നിയമനടപടികളും സ്വീകരിക്കും. ഈ സാഹചര്യം സ്വകാര്യ ആശുപത്രികളും സര്‍ക്കാരും തമ്മില്‍ വലിയ വടംവലിക്ക് കാരണമായിരിക്കുകയാണ്.
ഐസിയു കിടക്കകള്‍ സംവരണം ചെയ്യുന്നതിനെതിരേ സ്വകാര്യ ആശുപത്രികള്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. കിടക്കകള്‍ മാറ്റിവയ്ക്കുന്നതു വഴി തങ്ങള്‍ക്ക് വലിയ നഷ്ടം വരുമെന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം. മാത്രമല്ല, നേരത്തെ മാറ്റിവച്ചിരുന്ന പല സര്‍ജറികളും ഇപ്പോഴാണ് നടത്തുന്നതെന്നും കൊവിഡ് രോഗത്തിനു വേണ്ടി ഐസിയു സംവരണം ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ മറ്റ് രോഗികളുടെ ജീവന്‍ പ്രതിസന്ധിയിലാക്കുകയാണെന്ന് അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് (ഇന്ത്യ) ഡയറക്ടര്‍ ജനറല്‍ ഗിര്‍ധാര്‍ ഗ്യാനി പറഞ്ഞു.

