പിന്നാക്ക വിഭാഗത്തിനുള്ളില്‍ വണ്ണിയാര്‍ വിഭാഗത്തിന് സംവരണം; സംസ്ഥാന സര്‍ക്കാര്‍ നിയമം ഭരണഘടനാ വിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

Update: 2021-11-01 09:46 GMT

ചെന്നൈ: വണ്ണിയാര്‍ വിഭാഗത്തിനു നല്‍കിയിരുന്ന 10.5 ശതമാനം സംവരണം മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ച് മരവിപ്പിച്ചു. ജസ്റ്റിസ് എം ദൊരൈസാമിയും എം മുരളി ശങ്കറും അംഗങ്ങളായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. മറ്റ് പിന്നാക്ക വിഭാഗത്തിന് നല്‍കുന്ന സംവരണത്തിനുള്ളില്‍ വണ്ണിയാര്‍ വിഭാഗത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളിലും നല്‍കിയ സംവരണമാണ് ഹൈക്കോടതി മരവിപ്പിച്ചത്. മറ്റ് പിന്നാക്ക വിഭാഗത്തിനുള്ളില്‍ വണ്ണിയാര്‍ വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിധിച്ചു.

മോസ്റ്റ് ബാക്ക് വേഡ് ക്ലാസ്സസ് ആന്റ് ഡിനോട്ടിഫിക്കേഷന്‍ കമ്മ്യൂണിറ്റീസ് ആക്റ്റ്, 2021 അനുസരിച്ചാണ് ഈ വിഭാഗത്തിന് പ്രത്യേക സംവരണം ഏര്‍പ്പെടുത്തിയത്.

102ാം ഭരണഘടനാ ഭേദഗതി നിയമം, 2018, 105ാം ഭരണഘടനാ ഭേദഗതി നിയമം 2021 തുടങ്ങി രണ്ട് നിയമങ്ങള്‍ നിലവിലുള്ള സാഹചര്യത്തില്‍ ഈ നിയമം പാസ്സാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അധികാരമുണ്ടോ? , ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ ഒരു നിയമം ഭേഗതി വരുത്താന്‍ സംസ്ഥാന നിയമസഭക്ക് കഴിയുമോ? ജനസംഖ്യയുമായി ബന്ധപ്പെട്ട ഡാറ്റ ലഭിക്കാതെ ജാതി അടിസ്ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്താനാവുമോ? എന്നിവയാണ് കോടതി പരിശോധിച്ചത്. ഇത്തരത്തില്‍ സംവരണം ഏര്‍പ്പെടുത്തുന്നത് 14,15,16 അനുച്ഛേദത്തിന്റെ ലംഘനമാണോ എന്നും കോടതി പരിശോധിച്ചു.

സംസ്ഥാന നിയമസഭക്ക്് ഇത്തരമൊരു നിയമം പാസ്സാക്കാന്‍ അവകാശമില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിയമം റദ്ദാക്കിയത്.

പിന്നാക്ക വിഭാഗത്തിനുള്ളില്‍ വണ്ണിയാര്‍ സമുദായത്തിന് പ്രത്യേക സംരവണം നല്‍കിയതിനെതിരേ നിരവധി ഹരജികള്‍ കോടതിയ്ക്കു മുന്നിലെത്തിയിരുന്നു. ഉത്തരവ് പാസ്സാക്കുന്നത് അല്‍പം കാലത്തേക്ക് മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും അത് കോടതി അംഗീകരിച്ചില്ല. ഇപ്പോള്‍ നടത്തുന്ന നിയമനങ്ങള്‍ അവസാന വിധിക്ക് അനുസരിച്ചായിരിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News