ഭിന്നശേഷിക്കാര്‍ക്ക് സ്ഥാനക്കയറ്റത്തിന് സംവരണം; മാര്‍ഗരേഖ രൂപപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദേശം

Update: 2021-09-29 04:48 GMT

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിന് മാര്‍ഗരേഖ രൂപപ്പെടുത്താന്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി. നാല് മാസത്തിനുള്ളില്‍ മാര്‍ഗരേഖ നിര്‍മിച്ച് സുപ്രിംകോടതിയില്‍ സമര്‍പ്പിക്കണം.

സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നല്‍കണമെന്ന് കര്‍ണാടക ഹൈക്കോടതിയുടെ വിധിയില്‍ വിശദീകരണം ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് നാഗേശ്വര റാവു, ബി ആര്‍ ഗവായ്, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്ന ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ചിന്റെ 2020ലെ വിധിയില്‍ വിശദീകരണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ചത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥാനക്കയറ്റത്തിന് ഭിന്നശേഷിക്കാര്‍ക്ക് സംവരണം നടപ്പാക്കാത്തതില്‍ വിവിധ സംസ്ഥാനങ്ങൡ നിന്നായി വന്ന കോടതി അലക്ഷ്യ ഹരജികളും കോടതി പരിഗണിച്ചു. കണ്ണൂര്‍ നാരാത്ത് യുപി സ്‌കൂള്‍ അധ്യാപകനും ഭിന്നശേഷിക്കാരാനും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ അംഗീകൃത സംഘടനയായ ഡിഫറന്റ്‌ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ കേരള സംസ്ഥാന വൈസ് പ്രസിഡന്റുമായ ആനന്ദ് കെ എന്‍ സമാനമായ ഹരജി നല്‍കിയിരുന്നു. 

കേന്ദ്രത്തിന് വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ മാധവി ദിവാനാണ് ഹാജരായത്. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നത് വലിയ ആശയക്കുഴപ്പത്തിന് കാരണമാണെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.

സ്റ്റേറ്റ് സിവില്‍ സര്‍വീസില്‍ നിന്ന് ഐഎഎസ്സിലേക്ക് എടുക്കുമ്പോള്‍ എസ്,സി, എസ് ടി, ഒബിസി സംവരണം ഇപ്പോഴില്ലെന്നും ആ സാഹചര്യത്തില്‍ ഭിന്നശേഷി സംവരണം കൊണ്ടുവരുന്നത് ബുദ്ധിമുട്ടുണ്ടാവുമെന്നും കേന്ദ്രം വാദിച്ചു.

കാറ്റഗറി എയില്‍ സംവരണം ബാധകമല്ലാത്ത നിരവധി തസ്തികകളുണ്ട്. എസ് സി എസ് ടി ഒബിസി സംവരണം നല്‍കുന്നത് ഗ്രൂപ്പ് എയുടെ കീഴ്ത്തട്ടില്‍ മാത്രമാണ്. എല്ലാ ഗ്രൂപ്പ് എ തസ്തികയിലും സംവരണം വേണമെങ്കില്‍ അതിന് വിശദീകരണം ആവശ്യമാണ്- അഡി. സോളിസിറ്റല്‍ ജനറല്‍ വാദിച്ചു.

സ്ഥാനക്കയറ്റത്തിന് സംവരണമെന്ന മട്ടില്‍ വിധി ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുമെന്നും അത് പ്രായോഗികമായ നിരവധി ബുദ്ധിമുട്ടുകള്‍ക്കിടയാക്കുമെന്നും കേന്ദ്രം വാദിക്കുന്നു.

കേന്ദ്രം ആവശ്യപ്പെടുന്ന വിശദീകരണം നേരത്തെത്തന്നെ നല്‍കിയിട്ടുണ്ടെന്ന് ഹരജിക്കാരിലൊരാളായ സിദ്ദരാജുവിന്റ അഭിഭാഷകന്‍ അഡ്വ. ജയന്‍ കോത്താരി കോടതിയെ ബോധ്യപ്പെടുത്തി.

Tags: