ഐസിയു കിടക്കകളില്‍ കൊവിഡ് രോഗികള്‍ക്ക് സംവരണം: സ്വകാര്യ ആശുപത്രികളുടെ ഹരജി ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചു

Update: 2021-01-08 11:39 GMT

ന്യൂഡല്‍ഹി: സ്വകാര്യ ആശുപത്രികളിലെ ഐസിയു കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവച്ച ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി മാറ്റിവച്ചു. സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

സംസ്ഥാനത്തെ 33 സ്വകാര്യ ആശൂപത്രികളിലെ 80 ശതമാനം ഐസിയു കിടക്കകള്‍ കൊവിഡ് രോഗികള്‍ക്ക് മാറ്റിവയ്ക്കണമെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടത്. ഉത്തരവനുസരിച്ച് ജൂലൈ 12 വരെയാണ് കിടക്കകള്‍ മാറ്റിവയ്‌ക്കേണ്ടത്.

ഹൈക്കോടതിയിലെ ജസ്റ്റിസ് നവിന്‍ ചാവ്‌ലയുടെ ബെഞ്ചിലാണ് ഇന്ന് ഹരജി പരിഗണനയ്്ക്ക് വന്നത്. എന്നാല്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാരിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജെയിന്‍ മറ്റൊരു കേസുമായി സുപ്രിംകോടതിയിലായതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ഹൈക്കോടതിയിലെത്തിയ അഭിഭാഷകന്‍ ഉര്‍വി മോഹന്‍ അഭ്യര്‍ത്ഥിച്ചു. അത് പരിഗണിച്ചാണ് കേസ് അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.

സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഐസിയു കിടക്കകള്‍ മാറ്റിവച്ചതിനെ തുടര്‍ന്ന് പല സ്വകാര്യ ആശുപത്രികളിലും ഐസിയു കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്ന് പരാതിക്കാരായ അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് ഇന്ത്യയ്ക്കു വേണ്ടി ഹാജരായ മനീന്ദര്‍ സിങ് കോടതിയെ അറിയിച്ചു.

Tags: