റിപ്പബ്ലിക് ദിനാഘോഷങ്ങള്‍: ഡല്‍ഹി വിമാനത്താവളത്തില്‍ ആറു ദിവസം വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സുരക്ഷാ ക്രമീകരണങ്ങളെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആറു ദിവസത്തേക്ക് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. റിപ്പബ്ലിക് ദിന പരേഡിന്റെ പരിശീലനവും ആഘോഷങ്ങളും മുന്‍നിര്‍ത്തി നിശ്ചിത സമയങ്ങളില്‍ വ്യോമപാത അടയ്ക്കുന്നതിനാലാണ് നടപടി. ജനുവരി 19 മുതല്‍ 26 വരെ നിശ്ചിത ദിവസങ്ങളില്‍ വിമാനങ്ങളുടെ പറന്നുയരലും ഇറങ്ങലും താല്‍ക്കാലികമായി നിയന്ത്രിക്കുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
ജനുവരി 19 മുതല്‍ 24 വരെയും ജനുവരി 26നും രാവിലെ 10.20 മുതല്‍ ഉച്ചയ്ക്ക് 12.45 വരെയാണ് നിയന്ത്രണം ബാധകമാവുക. ഈ സമയങ്ങളില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ക്ക് അനുമതി ഉണ്ടായിരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതിദിനം ആയിരത്തിലധികം വിമാന സര്‍വീസുകള്‍ നടത്തുന്ന രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ഡല്‍ഹി വിമാനത്താവളത്തില്‍, ഈ നിയന്ത്രണം വ്യാപകമായ ഷെഡ്യൂള്‍ മാറ്റങ്ങള്‍ക്കും സര്‍വീസ് റദ്ദാക്കലുകള്‍ക്കും ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. യാത്രക്കാര്‍ തങ്ങളുടെ യാത്രാ വിവരങ്ങള്‍ സംബന്ധിച്ച് വിമാനക്കമ്പനികളുമായി മുന്‍കൂട്ടി സ്ഥിരീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
അതേസമയം, ഇന്ത്യന്‍ വ്യോമസേനയുടെയും സൈന്യത്തിന്റെയും വിമാനങ്ങള്‍ക്കും ഹെലികോപ്റ്ററുകള്‍ക്കും, വിവിഐപി വിമാനങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമല്ല. റിപ്പബ്ലിക് ദിനാഘോഷങ്ങളോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് കര്‍ശന സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.