റിപ്പബ്ലിക് ദിനാചരണം; വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമായി പോലിസ്

Update: 2022-01-11 12:48 GMT

പത്തനംതിട്ട; റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലിസ്, ചൈല്‍ഡ് ഫ്രണ്ട്‌ലി പോലിസ് സ്‌റ്റേഷനുകള്‍, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് പ്രൊജക്റ്റ് എന്നീ സംവിധാനങ്ങളുടെ സഹകരണത്തോടെ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രമാണ് വരയ്‌ക്കേണ്ടത്. വിദ്യാര്‍ഥി തനിക്കേറ്റവും പ്രിയപ്പെട്ട അഞ്ചു സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാചിത്രം കറുത്തമഷിയില്‍ എ4 സൈസ് കടലാസില്‍ എല്ലാ ചിത്രങ്ങളും ഉള്‍കൊള്ളും വിധം വരച്ച് ഫോട്ടോ എടുത്ത് 8281188888 എന്ന വാട്‌സാപ്പ് നമ്പരിലേക്ക് അയയ്ക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥിയുടെ പേരും ക്ലാസും പഠിക്കുന്ന സ്‌കൂളിന്റെ പേരും സ്ഥിരം മേല്‍വിലാസവും മൊബൈല്‍ നമ്പരും ചിത്രത്തിന്റെ താഴെ രേഖപ്പെടുത്തണം. ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ചിത്രങ്ങള്‍ അയയ്‌ക്കേണ്ട അവസാന തീയതി ഈമാസം 23.

Tags: