വെള്ളക്കെട്ട് ഭീഷണി: ജനപ്രതിനിധികള്‍ പുറംതിരിഞ്ഞുനിന്നു; ലക്ഷങ്ങള്‍ മുടക്കി ജനങ്ങള്‍ മുന്നോട്ട്

Update: 2020-06-13 06:07 GMT

പരപ്പനങ്ങാടി: പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ നിന്ന് രക്ഷ നേടാനുള്ള പ്രവൃത്തികള്‍ക്കു നേരെ ജനപ്രതിനിധികള്‍ പുറംതിരിഞ്ഞ് നിന്നപ്പോള്‍ ലക്ഷങ്ങള്‍ മുടക്കി നാട്ടുകാര്‍ രംഗത്തിറങ്ങി. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ ഡിവിഷന്‍ 16 ഉള്‍കൊള്ളുന്ന പാലത്തിങ്ങല്‍ പ്രദേശത്തെ ജനങ്ങളാണ് തങ്ങളുടെ സ്വയംരക്ഷക്കും സ്വത്ത്‌സംരക്ഷണത്തിനും വേണ്ടി സംഘടിച്ചിറങ്ങിയത്.

കാലവര്‍ഷം കനക്കുന്നതോടെ പാലത്തിങ്ങലില്‍ കടലുണ്ടിപുഴ നിറഞ്ഞ് കവിയല്‍ പതിവാണ്. ഇതോടെ പരപ്പനങ്ങാടി വരെ ആയിര കണക്കിന് വീടുകളടക്കം വെള്ളത്തിലാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇതുമൂലം ഒരു വീട് തകരുകയും ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഈ ഭാഗങ്ങളിലെ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍ വിഷയം അവതരിപ്പിച്ചെങ്കിലും ഫലം കണ്ടില്ല. പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ അടക്കം ജനപ്രതിനിധിയായ മേഖലയാണ് ഈ പ്രദേശം.

എം.എല്‍.എ ഫണ്ടില്‍ പ്രവര്‍ത്തികള്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടങ്കിലും അതും ഒന്നുമായില്ല.

പുഴയോട് ചേര്‍ന്ന് നൂറുകണക്കിന് വീട്ടുകാര്‍ പുഴയിലെ അവസ്ഥ മനസ്സിലാക്കി ചെയര്‍ പേഴ്‌സണനടക്കമുള്ളവരെ സമീപിച്ചെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. പ്രദേശം ഉള്‍കൊള്ളുന്ന 4 ഡിവിഷനിലെ മെമ്പര്‍മാരുടെ വികസന ഫണ്ട് മതിയാകുമെന്ന് പറഞ്ഞെങ്കിലും ചെവികൊള്ളാന്‍ തയ്യാറായില്ലത്രെ. വേണമെങ്കില്‍ തൊഴിലുറപ്പുകാരെ കൊണ്ട് ചാക്കില്‍ പുഴക്കരികെ മണ്ണിട്ട് തരാമെന്ന പരിഹാസവും ചൊരിഞ്ഞതോടെ രാഷ്ട്രീയവ്യത്യാസം മറന്ന് ജനങ്ങള്‍ സംഘടിച്ചു. സാമൂഹ്യ പ്രവര്‍ത്തകരായ ഡോ. മുഹമ്മദ് യാസര്‍ കുണ്ടാണത്തിന്റെയും കുണ്ടാണത്ത് മുബഷിറിന്റെയും ഹസ്സന്‍ കോയയുടെയും നേതൃത്വത്തില്‍ ജനങ്ങള്‍ സജീവമായി.

5 ലക്ഷം രൂപ ചെലവഴിച്ച് കല്ലും മണ്ണും മറ്റും സ്വയമിറക്കി. പ്രദേശത്തെ യുവാക്കളും ക്ലബ്ബ് അംഗങ്ങളും സൗജന്യ സേവനത്തിന് തയ്യാറായതോടെ പുഴഭിത്തി ഉയര്‍ന്നു. ഉല്‍സവ ലഹരിയിലാണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. തങ്ങളുടെ നേരെ പുറംതിരിഞ്ഞവര്‍ക്കെതിരെയുള്ള പ്രതിഷേധമായി അക്ഷരാര്‍ത്ഥത്തില്‍ മാറി. പദ്ധതി വിജയിക്കുമെന്നായതോടെ നേരത്തെ പുറംതിരിഞ്ഞുനിന്നവര്‍ ഇപ്പോള്‍ തലപൊക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.