അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറില്‍ ധാരണയായെന്ന് റിപോര്‍ട്ട്

Update: 2025-10-27 09:00 GMT

വാഷിങ്ടണ്‍: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരക്കരാറില്‍ ധാരണയായെന്ന് റിപോര്‍ട്ട് . ആസിയാന്‍ ഉച്ചകോടിക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, ചൈനയുടെ പ്രതിനിധിയായ ലിചെങ്ഗാങ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കരാറിന് രൂപരേഖയായെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പറഞ്ഞു. ചൈനയ്ക്കു മേല്‍ യുഎസ് ചുമത്തിയ 100 ശതമാനം തീരുവ ഒഴിവാകുമെന്നും യുഎസില്‍ നിന്നുള്ള സോയാബീന്‍ ഇറക്കുമതി ചൈന പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസ്സന്റ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകള്‍ തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കാനുള്ള ശ്രമത്തില്‍ തന്നെയാണ് ഇരു രാജ്യങ്ങളുമെന്നാണ് സൂചനകള്‍. ഈ ആഴ്ച അവസാനം ഇരു രാജ്യങ്ങളിലെയും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. ഒക്ടോബര്‍ 30നായിരിക്കും കൂടിക്കാഴ്ചയെന്നാണ് റിപോര്‍ട്ടുകള്‍.

ദക്ഷിണ കൊറിയയിലെ ബുസാനില്‍ നടക്കുന്ന ഏഷ്യ-പസഫിക് എക്കണോമിക് കോ ഓപ്പറേഷന്‍ ഉച്ചകോടിയില്‍ വെച്ചായിരിക്കും രണ്ടു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. ട്രംപ് അടുത്തയാഴ്ച ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ട്രംപ് വെള്ളിയാഴ്ച രാത്രി മലേഷ്യയിലേക്ക് പുറപ്പെടുമെന്നും ജപ്പാന്‍, ദക്ഷിണകൊറിയ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.

Tags: