വാര്‍ത്താ അവതരണത്തിലും ചര്‍ച്ചകളിലും വിദ്വേഷ പ്രസ്താവനകള്‍ വര്‍ധിച്ചെന്ന് റിപോര്‍ട്ട്
ന്യൂഡല്‍ഹി: ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പുറപ്പെടുവിച്ച ഉത്തരവുകളില്‍ ഭൂരിഭാഗവും വര്‍ഗീയ വിദ്വേഷവുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനത്തിനെതിരെയെന്ന് റിപോര്‍ട്ട്. രാജ്യത്തെ ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെയും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങളുടെയും സ്വയം നിയന്ത്രണ സമിതിയാണ് ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി.
അതോറിറ്റി പുറപ്പെടുവിച്ച ആകെ ഉത്തരവുകളില്‍ ഏകദേശം 60 ശതമാനവും മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.വിദ്വേഷ പ്രസംഗങ്ങള്‍, പ്രകോപനപരമായ തലക്കെട്ടുകള്‍, സമൂഹത്തില്‍ മതപരമായ വിള്ളലുകള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ എന്നിവയാണ് പ്രധാനമായും നടപടികള്‍ക്ക് കാരണമായത്.
വാര്‍ത്താ അവതരണത്തിലും ചര്‍ച്ചകളിലും പാലിക്കേണ്ട നിഷ്പക്ഷതയും ധാര്‍മ്മികതയും ലംഘിച്ച്, ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്ന തരത്തിലുള്ള റിപോര്‍ട്ടിങിനെതിരേ അതോറിറ്റി കര്‍ശന നിലപാട് സ്വീകരിച്ചു.കുറ്റക്കാരായ ചാനലുകള്‍ക്ക് പിഴ ചുമത്താനും, വിവാദമായ വീഡിയോകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാനും, മാപ്പ് അപേക്ഷ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും അതോറിറ്റി ഉത്തരവിട്ടു.മുന്‍ സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ സമിതിയാണ് പല സുപ്രധാന ഉത്തരവുകളും പുറപ്പെടുവിച്ചത്.
