കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്ന് റിപോര്‍ട്ട്

Update: 2026-01-09 06:30 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കിയേക്കില്ലെന്ന് വിവരം.എംപിമാര്‍ മല്‍സരിക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇത് ഷാഫി പറമ്പില്‍ എംപിക്കും കെ സുധാകരന്‍ എംപിക്കും തിരിച്ചടിയായിരിക്കുകയാണ്.

പാലക്കാട് യുവാക്കളെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചപ്പോള്‍ ആദ്യം ഉയര്‍ന്നത് ഷാഫിയുടെ പേരായിരുന്നു. കണ്ണൂരില്‍ താന്‍ മത്സരിക്കുമെന്ന അവകാശവാദവുമായി സുധാകരന്‍ എത്തിയതും ചര്‍ച്ചയായതായിരുന്നു. ഇതിനിടയിലാണ് എഐസിസി പുതിയ തീരുമാനത്തിലെത്തിയത്.

ഉപതിരഞ്ഞെടുപ്പ് സാഹചര്യമടക്കം പരിഗണിച്ചാണ് ഇത്തരമൊരു വിലയിരുത്തലിലേക്ക് എഐസിസി എത്തിച്ചേര്‍ന്നത് എന്നാണ് വിവരം. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒന്നോ രണ്ടോ എംപിമാര്‍ക്ക് ഇളവ് നല്‍കിയാല്‍ കൂടുതല്‍ പേര്‍ അവകാശവാദം ഉന്നയിക്കാനും തര്‍ക്കമുണ്ടാകാനും സാദ്ധ്യതയുണ്ട്. മല്‍സരിച്ചവര്‍ കൂട്ടത്തോടെ ജയിച്ചുവന്നാല്‍, ഒരു മിനി ലോക്സഭാ തിരഞ്ഞെടുപ്പ് വേണ്ടി വരുന്ന സ്ഥിതിയുണ്ടാകും. പകരം സ്ഥാനാര്‍ത്ഥികളെ കണ്ടെത്തണമെന്ന തലവേദന വേറെയുമുണ്ടാകും. അതിനാലാണ് എംപിമാര്‍ എംപിമാരായി തന്നെ ഇരുന്നാല്‍ ഈ തലവേദനയൊന്നുമുണ്ടാകില്ലെന്ന വാദം ശക്തിപ്പെടുന്നതെന്നാണ് സൂചന.

എംപിമാര്‍ എംഎല്‍എ സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

Tags: