കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം; പഞ്ചാബ് മുഖ്യമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച

Update: 2021-08-10 18:51 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുതുതായി അവതരിപ്പിച്ച കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രിയെ കണ്ടു. പഞ്ചാബിലെയും മറ്റ് സംസ്ഥാനങ്ങളിലെയും കര്‍ഷകര്‍ക്ക് ഈ നിയമത്തോട് കടുത്ത അസംതൃപ്തിയുണ്ട്. പുതിയ നിയമത്തിനെതിരേ നടക്കുന്ന സമരം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ഷക സമരത്തിന്റെ മറവില്‍ ചില ശത്രുവിഭാഗങ്ങള്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അത് രാജ്യത്തിന് വലിയ സുരക്ഷാഭീഷണിയാണ് സൃഷ്ടിക്കുന്നത്. അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രിയോട്പറഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. 

ജൂണ്‍ 2020ല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന അന്നുമുതല്‍ പഞ്ചാബില്‍ സമരം നടക്കുന്നുണ്ട്. സമരം സമാധാനപരമാണെങ്കിലും അതിനുളളില്‍ വളര്‍ന്നുവരുന്ന അസംതൃപ്തി കാണാതിരുന്നുകൂടെന്നും അദ്ദേഹം പറഞ്ഞു.

ഏജന്‍സികളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് അഞ്ച് കര്‍ഷക നേതാക്കള്‍, ആര്‍എസ്എസ് ഓഫിസുകള്‍, ബിജെപി, ശിവസേന, ആര്‍എസ്എസ് എന്നിവയുടെ പഞ്ചാബിലെ നേതാക്കള്‍, പഞ്ചാബിലൂടെ കടന്നുപോകുന്ന ട്രയിനുകള്‍ എന്നിവയൊക്കെ സുരക്ഷാഭീഷണിയിലാണ്.

സമരം തുടങ്ങിയശേഷം 400ഓളം കര്‍ഷകരാണ് ഡല്‍ഹിയില്‍ മരിച്ചുതീര്‍ന്നതെന്നും അദ്ദേഹം അമിത് ഷായെ ഓര്‍മിപ്പിച്ചു.

Tags: