കാര്‍ഷിക നിയമം പിന്‍വലിക്കുക; അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവുക: ബിജെപിക്ക് താക്കീത് നല്‍കി മമതാ ബാനര്‍ജി

Update: 2020-12-07 10:47 GMT

മിഡ്‌നാപൂര്‍: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ പുതിയ നിയമത്തിനെതിരേ നടക്കുന്ന കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപിക്ക് താക്കീത് നല്‍കി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജനവിരുദ്ധമായ കാര്‍ഷിക നിയമം പിന്‍വലിക്കുകയോ അല്ലെങ്കില്‍ ബിജെപി ഭരണത്തില്‍ നിന്ന് പുറത്തുപോവുകയോ ചെയ്യണമെന്ന് മമത ആവശ്യപ്പെട്ടു.

വെസ്റ്റ് മിഡ്‌നാപൂരില്‍ നടന്ന ത്രിണമൂല്‍ കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത. നിശ്ശബ്ദമായിരിക്കുന്നതിനേക്കാള്‍ ജയിലാണ് താന്‍ ആഗ്രഹിക്കുന്നതെന്നും മമത പറഞ്ഞു.

ബംഗാളിനെ സംബന്ധിച്ചടത്തോളം ബിജെപി പുറത്തുള്ളവരുടെ പാര്‍ട്ടിയാണെന്നും അവരെ ഭരണമേല്‍പ്പിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ തയ്യാറാവില്ലെന്നും മമത പറഞ്ഞു.

മമത സര്‍ക്കാരിലെ ഗതാഗത മന്ത്രിയും ത്രിമമൂല്‍ നേതാവുമായിരുന്ന സൗരവ് അധികാരി പാര്‍ട്ടി വിട്ടശേഷം നടക്കുന്ന ആദ്യത്തെ സംസ്ഥാന തലത്തിലെ പൊതുസമ്മേളനമായിരുന്നു ഇന്നലെ നടന്നത്. സൗരവ് അധികാരിയുടേത് ഒരു അടഞ്ഞ അധ്യായമാണെന്ന് ത്രിണമൂല്‍ പറയുന്നുണ്ടെങ്കിലും പ്രശ്‌നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളും സജീവമാണ്.

പടിഞ്ഞാറന്‍ മിഡ്‌നാപൂരിലെ മുഴുവന്‍ പാര്‍ട്ടി ഭാരവാഹികളോടും പിടഞ്ഞാറന്‍ മിഡ്‌നാപൂരിലെ റാലിയില്‍ പങ്കെടുക്കണമെന്ന് മമത പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. സൗരവ് അധികാരിയുടെ സ്വന്തം ജില്ലയാണ് പടിഞ്ഞാറന്‍ മിഡ്‌നാപൂര്‍.

പാര്‍ട്ടിയിലെ വിമതര്‍ക്കെതിരേ കഴിഞ്ഞ ദിവസം നടന്ന വെര്‍ച്വല്‍ യോഗത്തില്‍ മമത മുന്നറിയിപ്പു നല്‍കിയിരുന്നു.

അതിനിടയില്‍ സൗരവ് അധികാരിയെ ബിജെപി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചിരുന്നു. സൗരവ് പാര്‍ട്ടിയിലെത്തിയാല്‍ കൂടുതല്‍ പേര്‍ പിന്നാലെ ഒഴുകിയെത്തുമെന്നാണ് കണക്കുകൂട്ടല്‍. സൗരവ് വരികയാണെങ്കില്‍ ത്രിണമൂല്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് വീഴുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.

Similar News