റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കല്‍; രാജ്യത്തെ അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍

' ഇന്ന് ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ല. ഇതിനെതിരെ കടുത്ത എതിര്‍പ്പുണ്ട്, ഐക്യരാഷ്ട്രസഭക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് ബെഞ്ച് പറഞ്ഞു.

Update: 2021-03-27 07:00 GMT

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരുടെ തലസ്ഥാനമാകാന്‍ രാജ്യത്തിന് കഴിയില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ജമ്മുവില്‍ തടവിലാക്കപ്പെട്ട റോഹിംഗ്യന്‍ അഭയാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്നും മ്യാന്‍മറിലേക്ക് നാടുകടത്തുന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നും ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭ പ്രതിനിധി സമര്‍പ്പിച്ച ഇടപെടല്‍ അപേക്ഷ പരിഗണിക്കവെ ആയിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ അഭയാര്‍ഥികളെ സംബന്ധിച്ച് നിലപാട് അറിയിച്ചത്.


ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. സോളിസിറ്റര്‍ ജനറല്‍ നിലപാട് വ്യക്തമാക്കിയതോടെ ഇടപെടല്‍ ഹരജിയില്‍ തുടര്‍നടപടി എടുക്കാന്‍ സുപ്രിം കോടതി വിസമ്മതിച്ചു.


' ഇന്ന് ഞങ്ങള്‍ നിങ്ങളെ കേള്‍ക്കില്ല. ഇതിനെതിരെ കടുത്ത എതിര്‍പ്പുണ്ട്, ഐക്യരാഷ്ട്രസഭക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണോട് ബെഞ്ച് പറഞ്ഞു. റോഹിംഗ്യന്‍ കുട്ടികളെ കൊലപാതകം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് വിധേയരാക്കിയിട്ടുണ്ട്. മ്യാന്‍മര്‍ സൈന്യം അന്താരാഷ്ട്ര മാനുഷിക നിയമത്തെ മാനിക്കുന്നതില്‍ പരാജയപ്പെട്ടു. റോഹിന്‍ഗ്യരെ കൂട്ടത്തോടെ നാടുകടത്താനുള്ള കേന്ദ്രത്തിന്റെ തീരുമാനം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ ലംഘനമാണെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു.




Tags:    

Similar News