ആറ് മാസത്തെ വാടക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ വാടകഭേദഗതി ബില്ല്

Update: 2020-06-10 03:58 GMT

കുവൈറ്റ് സിറ്റി: രാജ്യത്തെ അസാധാരണമായ സാഹചര്യം കണക്കിലെടുത്ത് ആറ് മാസത്തെ വാടക എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാര്‍ലമെന്റില്‍ വാടകഭേദഗതി ബില്ല് അവതരിപ്പിച്ചു. മൂലധനത്തിന്റെ 51 ശതമാനമോ അതില്‍ കൂടുതലോ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, സ്വതന്ത്ര പൊതുസ്ഥാപനങ്ങള്‍ തുടങ്ങിയവയുമായി വാടക കരാറുകള്‍ ഒപ്പുവച്ചവര്‍ക്ക് വാടകയില്‍ ഇളവ് നല്‍കാനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. എംപിമാരായ അഹ്മദ് അല്‍ ഫാദല്‍, സഫ അല്‍ ഹാഷിം, ഖാലിദ് അല്‍ ഷട്ടി, ഖലഫ് ദുമൈതര്‍, നാസര്‍ അല്‍ ദൂസരി എന്നീ എംപിമാരാണ് വാടകക്കാര്‍ക്ക് ഏറെ ആശ്വാസകരമായ ബില്ലിനു പിന്നില്‍.

ആദ്യത്തെ ആറു മാസത്തിനു ശേഷം വാടക 60 ശതമാനം കുറയ്ക്കണമെന്നും കരട് ബില്ലിലുണ്ട്. നിലവിലെ പ്രതിസന്ധി നിലനില്‍ക്കുന്നിടത്തോളം വാടകയില്‍ ഇളവ് നല്‍കണം. മുന്‍കൂട്ടി വാടക അടച്ചവര്‍ക്ക് എത്ര കാലത്തേക്കാണോ അടച്ചത് അത്രയും കാലം ഇളവ് നല്‍കണം. വാടകയിളവ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന് മാത്രമായി കോടതിയില്‍ പ്രത്യേക വിഭാഗത്തെ നിയമിക്കണമെന്നും ബില്ലില്‍ ആവശ്യപ്പെടുന്നു.