പ്രശസ്ത കലാസംവിധായകന്‍ കിത്തോ അന്തരിച്ചു

Update: 2022-10-18 06:25 GMT

കൊച്ചി: പ്രശസ്ത കലാസംവിധായകന്‍ ആര്‍ട്ടിസ്റ്റ് കിത്തോ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. 1975 മുതല്‍ ചിത്ര കലാരംഗത്ത് സജീവമായിരുന്നു കിത്തോ. 30ല്‍ പരം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. നിരവധി സിനിമകള്‍ക്കായി പോസ്റ്റര്‍ ഒരുക്കിയിട്ടുണ്ട്. 'ഉണ്ണിക്കൃഷ്ണന്റെ ആദ്യ ക്രിസ്മസ്' എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് അദ്ദേഹം. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം.

എറണാകുളം കലൂര്‍ സെന്റ് അഗസ്റ്റിന്‍'സ് ഹൈസ്‌കൂളില്‍ നിന്നു പ്രാഥമിക പഠനം. മഹാരാജാസ് കോളജില്‍ പ്രീയൂനിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോന്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്. കലൂര്‍ ഡെന്നിസ് 'ചിത്രകൗമുദി' എന്ന സിനിമാ മാസികയില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ചിത്രം വരച്ചുകൊടുത്തുകൊണ്ടായിരുന്നു തുടക്കം.

ജേസി, ഐ വി ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത് ട്രെന്‍ഡ് സെറ്ററുകളായി. കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളായി മാറി. പരസ്യകലയോടൊപ്പം തന്നെ സിനിമ നിര്‍മിക്കുകയും സിനിമയ്ക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്. ഭാര്യ: ലില്ലി. മക്കള്‍ അനില്‍ (ദുബയ്), കമല്‍ കിത്തോ. ഇളയ മകന്‍ കമല്‍ കിത്തോ കലാരംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

Tags:    

Similar News