പ്രധാനമന്ത്രിയുടെ മാതാവിന്റെ എഐ വിഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് പട്ന ഹൈക്കോടതി
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അന്തരിച്ച അമ്മയുടെയും എഐ വീഡിയോ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും പിന്‍വലിക്കാന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ച് പട്ന ഹൈക്കോടതി. എഐ നിര്‍മ്മിത വീഡിയോ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബീഹാര്‍ യൂണിറ്റ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വീഡിയോയുടെ പ്രചരണം തടയണമെന്ന് എല്ലാ ഇടനിലക്കാരോടും കോടതി നിര്‍ദ്ദേശിച്ചു.ഹരജിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര സര്‍ക്കാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരെയും പ്രതികളാക്കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.'വീഡിയോ ഉടന്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ട കോടതി, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ എന്നിവയ്ക്കും നോട്ടിസ് അയച്ചിട്ടുണ്ട്.
ബീഹാറിലും ദേശീയതലത്തിലും കോണ്‍ഗ്രസിന്റെ ഈ ചെയ്തിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സെപ്റ്റംബര്‍ 10 നാണ് ബീഹാര്‍ കോണ്‍ഗ്രസ് യൂണിറ്റ് 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നത്. 'തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ബീഹാറിലെ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് വിമര്‍ശിക്കുന്ന മരിച്ചുപോയ അമ്മയെക്കുറിച്ച് പ്രധാനമന്ത്രി സ്വപ്നം കാണുന്നത് കാണാം' എന്ന് തലക്കെട്ടോടെ ആയിരുന്നു വീഡിയോ പങ്കുവെച്ചത്.
രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ അമ്മയെ കോണ്‍ഗ്രസ് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നത് രാജ്യത്തെ എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും അപമാനമാണ് എന്നായിരുന്നു മോദി ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്ന്. എന്നാല്‍ തങ്ങള്‍ മനപൂര്‍വം ആരെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിരുന്നു.
