അലീഗഢ് സര്‍വകലാശാലയുടെ മുദ്രയില്‍ നിന്ന് ഖുര്‍ആന്‍ ആയത്ത് എടുത്തുമാറ്റി; അനാദരവിനുള്ള സാഹചര്യമൊഴിവാക്കാനാണെന്ന് വിശദീകരണം

Update: 2021-11-11 09:58 GMT

ന്യൂഡല്‍ഹി: പ്രശസ്തമായ അലീഗഢ് സര്‍വകലാശാലയുടെ മുദ്രയില്‍ നിന്ന് ഖുര്‍ആന്‍ ആയത്ത് എടുത്തുമാറ്റിയത് രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമല്ലെന്ന് സര്‍വകലാശാലാ മാനേജ്‌മെന്റ്. ആയത്തിനോട് അനാദരവുണ്ടാക്കിയേക്കാവുന്ന സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമാണ് നടപടിയെന്നും മാനേജ്‌മെന്റ് വിശദീകരിച്ചു. അതേസമയം സര്‍വകലാശാല നല്‍കുന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും മറ്റ് രേഖകളിലും ആയത്ത് ഉല്‍പ്പെടുത്തും.

ആയത്ത് എടുത്തുമാറ്റിയ നടപടി സര്‍വകലാശാലയുമായി ബന്ധപ്പെട്ടവര്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിനെ സന്തോഷിപ്പിക്കാനുള്ള ശ്രമമെന്നായിരുന്നു പലരും വിശേഷിപ്പിച്ചത്.

എല്ലാ വിവാദങ്ങള്‍ക്കും വിരാമമിട്ട് ഇപ്പോള്‍ സര്‍വകലാശാല തന്നെയാണ് രംഗത്തുവന്നിരിക്കുന്നത്. മാത്രമല്ല, 2005 ഒക്ടോബര്‍ 4ന് എടുത്ത തീരുമാനം ഇപ്പോള്‍ നടപ്പാക്കിയതാണെന്നും സര്‍വകലാശാല വിശദീകരിച്ചു.

ഖുര്‍ആന്‍ ആയത്ത് അടങ്ങുന്ന മുദ്ര അച്ചടിച്ച നോട്ടിസുകള്‍ ആവശ്യം കഴിഞ്ഞാല്‍ അലക്ഷ്യമായി കളയുന്നത് ആയത്തിനെത്തന്നെ അപമാനിക്കുന്നതിനു തുല്യമായി മാറുമെന്നും അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടന്നതെന്നുമാണ് വിശദീകരണം.

ആയത്ത് ഒഴിവാക്കുന്ന സ്ഥലത്ത് അഞ്ച് നക്ഷത്ര ചിഹ്നങ്ങള്‍ ചേര്‍ക്കും.

Tags: