ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നു; വഡോദരയിലും രാജ്‌കോട്ടിലും സസ്യേതര ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്

Update: 2021-11-13 10:38 GMT

വഡോദര: ഗുജറാത്തിലെ വഡോദരയിലും രാജ്‌കോട്ടിലും സസ്യേതര ഭക്ഷണം പരസ്യമായി പാകം ചെയ്യുന്നതും പാകം ചെയ്ത ഭക്ഷണം പ്രദര്‍ശിപ്പിക്കുന്നതും മുനിസിപ്പല്‍ കോര്‍പറേഷന്‍ നിരോധിച്ചു. ബിജെപി ഭരിക്കുന്ന മുനിസിപ്പാലിറ്റികളാണ് വഡോദരയും രാജ്‌കോട്ടും. മുട്ട, ഇറച്ചി തുടങ്ങി സസ്യേതരമായ എല്ലാ ഭക്ഷ്യ വസ്തുക്കളും മൂടിവച്ച് മാത്രമേ വില്‍പ്പന നടത്താവൂ എന്നും പാകം ചെയ്ത മല്‍സ്യവും മുട്ടയും ഇറച്ചിയും കാണുന്നത് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നുവെന്നുമാണ് ഉത്തരവില്‍ പറയുന്നത്.

രാജ്‌കോട്ട് മേയര്‍ പ്രദീപ് ദേവ് ആണ് ആദ്യം ഈ ഉത്തരവ് നല്‍കിയത്. തുടര്‍ന്ന് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ സമാനമായ നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ റോഡരികിലെ എല്ലാ സസ്യേതര ഭക്ഷണ ശാലകളും ഭക്ഷ്യവസ്തുക്കള്‍ കാണാത്ത രീതിലില്‍ മൂടിവയ്ക്കണമെന്നാണ് നിര്‍ദേശം. 

''മുട്ട, മല്‍സ്യം, ഇറച്ചി എന്നിവ പൊതുവായി പ്രദര്‍ശിപ്പിക്കുന്നത് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തും. അത് കാണാത്ത രീതിയിലായിരിക്കണം വെയ്‌ക്കേണ്ടത്''- പട്ടേല്‍ പറഞ്ഞു. തുറന്നു വയ്ക്കുന്ന രീതി പതിറ്റാണ്ടുകളായി തുടരുന്നതായിരിക്കും പക്ഷേ, ഇപ്പോള്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് അദ്ദേഹം പറഞ്ഞു.

ഫുല്‍ഛാബ് ചൗക്കില്‍ നിന്ന് രാജ്‌കോട്ട് മുനിസിപ്പല്‍ ഉദ്യോഗസ്ഥര്‍ എല്ലാ സസ്യേതര ഭക്ഷണ സ്റ്റാളുകളും കിയോസ്‌കുകളും നീക്കം ചെയ്തു. തങ്ങള്‍ അനധികൃത കയ്യേറ്റമാണ് നീക്കം ചെയ്തതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം.

റവന്യൂ മന്ത്രി രാജേന്ദ്ര ത്രിവേദി പുതിയ പരിഷ്‌കാരത്തെ സ്വാഗതം ചെയ്തു. ഇത്തരം സ്ഥാപനങ്ങളില്‍ നിന്നു വരുന്ന പുകയും മണവും ആരോഗ്യത്തിന് ഹാനികരമാണെന്നും മന്ത്രി പറഞ്ഞു.

ആര് എന്ത് എപ്പോള്‍ എങ്ങനെ കഴിക്കണമെന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയല്ല തീരുമാനിക്കേണ്ടതെന്ന് വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആമി റാവത്ത് വിമര്‍ശിച്ചു.

Tags:    

Similar News