ഹിജാബ് മതവിശ്വാസത്തിലെ അവിഭാജ്യഘടകമാണോ എന്ന് പരിശോധിക്കുന്നത് കോടതിയല്ല, മതപണ്ഡിതര്‍; ജസ്റ്റിസ് ധൂലിയ

Update: 2022-10-13 07:13 GMT

കര്‍ണാടക സര്‍ക്കാരിന്റെ ഹിജാബ് നിരോധനത്തിനും അതിന് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ച ഹൈക്കോടതി വിധിക്കുമെതിരേ നല്‍കിയ ഹരജികള്‍ ശരിവച്ച് സുപ്രിംകോടതിയിലെ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ നടത്തിയത് ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍. ഹിജാബ് ധരിക്കുന്നത് മതപരമാണോ അല്ലയോ എന്ന ഹൈക്കോടതിയുടെ യുക്തിയെ തള്ളിയാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അവകാശം കോടതിക്കല്ല മതപണ്ഡിതര്‍ക്കാണെന്ന് ജഡ്ജി ധൂലിയ വിധിന്യായത്തില്‍ കുറിച്ചത്.

26 ഹരജികളാണ് ആകെയുണ്ടായിരുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്തയും ജസ്റ്റിസ് സുധാന്‍ഷു ധൂലിയയുമായിരുന്നു ഹരജി പരിഗണിച്ചവര്‍. ജസ്റ്റിസ് ഗുപ്ത ഹരജികള്‍ തള്ളി കര്‍ണാടക ഹൈക്കോടതി വിധിയോട് യോജിച്ചപ്പോള്‍ ധൂലിയ വിയോജിച്ചു.

ഹൈക്കോടതി വിധി തെറ്റായ പാതയിലായിരുന്നുവെന്നാണ് ജസ്റ്റിസ് ധൂലിയയുടെ കണ്ടെത്തല്‍.

ഹിജാബ് മതപരമാണോ അല്ലയോ എന്ന് നിശ്ചയിക്കാനുള്ള കോടതിയുടെ അവകാശത്തെ അദ്ദേഹം ചോദ്യം ചെയ്തു. ഹിജാബ് തര്‍ക്കത്തില്‍ ഇത് പരിശോധിക്കേണ്ടതില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈക്കോടതിയുടെ യുക്തിയനുസരിച്ച് അക്കാര്യം തീരുമാനിക്കുന്നത് കോടതിയാണ്.

'ഹൈക്കോടതി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി തിരഞ്ഞെടുപ്പിന്റെയും ആര്‍ട്ടിക്കിള്‍ 14, ആര്‍ട്ടിക്കിള്‍ 19ന്റെയും മാത്രം കാര്യാണ്. ഇത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയാണ്. കൂടുതലൊന്നുമല്ല കുറവുമല്ല,' ജസ്റ്റിസ് ധൂലിയ പറഞ്ഞു.

''നാം ആ പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കുകയാണോ? എന്റെ മനസ്സിലേക്കുയര്‍ന്ന ചോദ്യം അതാണ്. ഫെബ്രുവരി 5ലെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നു. നിയന്ത്രണങ്ങള്‍ നീക്കാന്‍ ആവശ്യപ്പെടുന്നു''- ജസ്റ്റിസ് ദൂലിയ പറഞ്ഞു.

Similar News