കിടപ്പുരോഗികള്‍ക്ക് ആശ്വാസം; ആശ്വാസകിരണം പദ്ധതിയ്ക്ക് 42.50 കോടിയുടെ ഭരണാനുമതിയായി

Update: 2022-08-22 14:12 GMT

തിരുവനന്തപുരം: മുഴുവന്‍സമയ പരിചരണം വേണ്ട ശാരീരികമാനസികസ്ഥിതിയുള്ളവരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസ ധനസഹായം നല്‍കുന്ന ആശ്വാസകിരണം പദ്ധതിയില്‍ ബജറ്റില്‍ പ്രഖ്യാപിച്ച 42.5 കോടി രൂപക്ക് ഭരണാനുമതിയായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. ആദ്യ ഗഡുവായി പത്ത് കോടി രൂപ നല്‍കാനും ഉത്തരവായെന്ന് മന്ത്രി അറിയിച്ചു.

മാനസികശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരെയും ഗുരുതര രോഗമുള്ളവരെയും മുഴുവന്‍സമയ പരിചാരകന്റെ സേവനം ആവശ്യമുള്ള വിധം കിടപ്പിലായ രോഗികളെയും പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 600 രൂപ നിരക്കില്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണിത്.

പദ്ധതിക്കു കീഴിലുള്ള ഗുണഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ്, ആധാര്‍ ലിങ്കിംഗ് നടപടികള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കാസര്‍കോട്, വയനാട് ജില്ലകളിലെ ഗുണഭോക്താക്കള്‍ക്ക് 2020 സെപ്റ്റംബര്‍ വരെയുള്ള കുടിശ്ശിക ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നല്‍കിയിരുന്നു. ബാക്കി ജില്ലകളിലുള്ളവര്‍ക്ക് 2020 ആഗസ്റ്റ് വരെയുള്ള കുടിശ്ശിക കഴിഞ്ഞ ഡിസംബറിലും നല്‍കിയിരുന്നതായും മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു.

Tags: