റിപബ്ലിക് ദിന ടാബ്ലോ പിന്‍വലിച്ചത് ബംഗാളി ജനതയോടുള്ള അവഹേളനം; കേന്ദ്രത്തിനെതിരേ തൃണമൂല്‍
ബംഗാളിന്റെ ടാബ്ലോ തള്ളുന്നത് ഇതാദ്യമല്ല. ഇതിന് സമീപ ഭാവിയില്‍ തന്നെ ബിജെപിക്ക് തക്ക മറുപടി നല്‍കുമെന്നും തൃണമൂല്‍
കൊല്‍ക്കൊത്ത: ബംഗാള്‍ അവതരിപ്പിക്കാനിരുന്ന ടാബ്ലോ റിപബ്ലിക് ദിന പരേഡില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ ചൂടുപിടിച്ച തര്‍ക്കം. ടാബ്ലോ പിന്‍വലിച്ചത് ബംഗാളി ജനതയോടുള്ള വെല്ലുവിളിയും അവഹേളനുമാണെന്നും പൗരത്വ ഭേദഗതി പ്രക്ഷോഭത്തില്‍ പങ്കെടുത്തതിലുള്ള പ്രതികാരമാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. എല്ലാ കാര്യത്തിലും രാഷ്ട്രീയം കലര്‍ത്തുന്നത് ശരിയല്ലന്ന് ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞ് ബിജെപിയും രംഗത്തെത്തി.
പൗരത്വ പ്രക്ഷോഭങ്ങളുടെ പേരിലാണ് ബംഗാളിനോട് കേന്ദ്രം വിവേചനം കാണിക്കുന്നതെന്ന് ബംഗാള്‍ പാര്‍ലമെന്ററി കാര്യമന്ത്രി തപസ് റോയി പിടിഐയോട് പറഞ്ഞു. '' ബിജെപിയുടെ ജനവിരുദ്ധ നയങ്ങളെ ബംഗാള്‍ എല്ലാ കാലത്തും എതിര്‍ത്തിട്ടുണ്ട്. ബിജെപിയുടേത് ചിറ്റമ്മനയമാണ്. മാത്രമല്ല, പൗരത്വ ഭേദഗതിനിയമത്തോട് ശക്തമായി പ്രതികരിച്ചതിന്റെ പേരിലാണ് ബംഗാളിന്റെ ടാബ്ലോ കേന്ദ്രം തള്ളിയത്.''
ബംഗാളിന്റെ ടാബ്ലോ തള്ളുന്നത് ഇതാദ്യമല്ല. ഇതിന് സമീപ ഭാവിയില്‍ തന്നെ ബിജെപിക്ക് തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം നിര്‍ദേശിച്ച നിയമങ്ങള്‍ക്കുളളില്‍ നിന്നല്ല സംസ്ഥാനം ടാബ്ലോ ശുപാര്‍ശ അയച്ചതെന്നും പല നിര്‍ദേശങ്ങളും അവഗണിച്ചുവെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ''സംസ്ഥാനം കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ അത് പാലിച്ചതുകൊണ്ടാണ് അവരുടെ ടാബ്ലോ പരേഡില്‍ ഉള്‍പ്പെടുത്തിയതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ് പറഞ്ഞു.
16 സംസ്ഥാനങ്ങളുടെയും 6 കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ടാബ്രോകളാണ് ഇത്തവണ പരിഗണിച്ചിട്ടുള്ളത്. ബംഗാളിന്റെ നിര്‍ദേശങ്ങള്‍ വിദഗ്ധ സമിതിയുടെ പരിശോധനയ്ക്കു ശേഷം തള്ളിക്കളഞ്ഞു.
