'ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളി'; ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പാളിയതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും കോടതി ചോദിച്ചു. ശബരിമലയിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ശബരിമലയില്‍ എത്ര പേരെ പരമാവധി ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ചോദിച്ച ഹൈക്കോടതി, ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാല്‍ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാന്‍ പാടുകയുള്ളുവെന്നും ദുരന്തം ഉണ്ടാകാനുള്ള അവസരം ഉണ്ടാക്കരുതെന്നും കോടതി വ്യക്തമാക്കി.
ഇന്നലെ വലിയ രീതിയിലുള്ള ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. വെള്ളം പോലും കുടിക്കാനാകാതെയാണ് കുട്ടികളടക്കമുള്ളവര്‍ ക്യൂ നില്‍ക്കുന്നതെന്ന പരാതിയും ഉയര്‍ന്നിരുന്നു. തിരക്ക് മൂലം ദര്‍ശനം നടത്താന്‍ കഴിയാതെ തീര്‍ത്ഥാടകര്‍ തിരിച്ചുപോകുന്ന സാഹചര്യമടക്കം ഉണ്ടായി. വൈകീട്ടോടെയാണ് തിരക്ക് അല്‍പ്പമെങ്കിലും നിയന്ത്രണ വിധേയമായത്.