കെ-ഡിസ്‌കിന്റെ ഭാഗമായ 'യങ് ഇന്നൊവെറ്റേഴ്‌സ് പ്രോഗ്രാമിന് രജിസ്‌ട്രേഷന്‍ ജനുവരി 30വരെ

Update: 2021-01-17 07:55 GMT

തിരുവനന്തപുരം: കെ-ഡിസ്‌കിന്റെ ഭാഗമായ യങ് ഇന്നൊവെറ്റേഴ്‌സ് പ്രോഗ്രാം രണ്ടാം പാദത്തിന്റെ രജിസ്‌ട്രേഷന്‍ 2021 ജനുവരി 30വരെ നടത്താം. yip.kerala.gov.in എന്ന വെബ്‌സൈറ്റു വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 

കെഡിസ്‌ക് വിഭാവനം ചെയുന്ന പ്രധാന പരിപാടി ആണ് 'യങ് ഇന്നൊവെറ്റേഴ്‌സ് പ്രോഗ്രാം'. സ്‌കൂള്‍ കോളേജ് തലത്തില്‍ ഉള്ള 12 വയസിനും 35 വയസിനും മധ്യേ പ്രായമുള്ള പുത്തന്‍ ആശയങ്ങള്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന പരിപാടി ആണ് ഇത്. 2020ലെ ഈ പരിപാടിയുടെ ആദ്യ പാദത്തില്‍ 2,168 ന്യൂതന ആശയങ്ങള്‍ ലഭിച്ചു. ഇതിന്റെ പ്രാരംഭ പരിശോധനയും സ്‌ക്രീനിങ്ങും നിലവില്‍ നടന്നുവരികയാണ്. 

കേരള സര്‍ക്കാര്‍ രൂപീകരിച്ച തന്ത്രപരമായ ഒരു തിങ്ക് ടാങ്കും ഉപദേശക സമിതിയുമാണ് കേരള വികസന ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്). ഇതിന്റെ കീഴിലാണ് യങ് ഇന്നൊവെറ്റേഴ്‌സ് പ്രോഗ്രാം നടക്കുന്നത്. ഉല്‍പ്പന്നം, പ്രക്രിയ നവീകരണം, സാങ്കേതികവിദ്യയുടെ സാമൂഹിക രൂപീകരണം, സംസ്ഥാനത്ത് പുതുമകള്‍ വളര്‍ത്തിയെടുക്കുന്നതിന് ആരോഗ്യകരവും അനുയോജ്യവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കല്‍ എന്നിവയിലെ പുതിയ ദിശകള്‍ പ്രതിഫലിപ്പിക്കുന്ന തന്ത്രപരമായ പദ്ധതികള്‍ കൊണ്ടുവരികയാണ് കെ-ഡിസ്‌ക് ലക്ഷ്യമിടുന്നത്. 

ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാനപങ്ക് വഹിക്കാന്‍ കഴിയുന്ന കെഡിസികിന് വിജ്ഞാന സമ്പദ്ഘടനാ ഫണ്ടായി 200 കോടി രൂപ ബജറ്റില്‍ അനുവദിച്ചിട്ടുണ്ട്. 

Tags:    

Similar News