ചെങ്കോട്ടയിലെ സംഘര്‍ഷം: അഞ്ച് പേര്‍ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ളവരെന്ന് ഡല്‍ഹി പോലിസ്
ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടയില്‍ ചെങ്കോട്ടയില്‍ സംഘര്‍ഷമുണ്ടാക്കിയതില്‍ അഞ്ച് പേരെ തിരിച്ചറഞ്ഞു. ഇവരുടെ പേരില്‍ പഞ്ചാബില്‍ നിരവധി ക്രിമിനല്‍ കേസുകളുള്ളതായി കണ്ടെത്തിയെന്ന് പോലിസ് നല്‍കിയ എഫ്‌ഐആറില്‍ പറയുന്നു. പല കേസുകളിലും ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.
30-40 ട്രാക്ടറുകളും 150 ബൈക്കുകളിലും കാറുകളിലുമാണ് 1000ത്തോളം വരുന്ന ജനക്കൂട്ടം അനുവദനീയമായ വഴിയില്‍ നിന്ന് മാറി ചെങ്കോട്ടയിലേക്ക് പ്രവേശിച്ചത്. പ്രക്ഷോഭകര്‍ പോലിസിനെ ആക്രമിച്ചുവെന്നും പലയിടങ്ങളിലും ബന്ദിയാക്കിയെന്നും എഫ്‌ഐആറില്‍ പറയുന്നു.
പ്രദേശത്തെ സിസിടിവി കാമറകളും മറ്റും പരിശോധിച്ച് സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ ബന്ധപ്പെട്ട 5-6 പേരെക്കുറിച്ചുള്ള അന്വേഷണം പോലിസ് പൂര്‍ത്തിയാക്കിയെന്നും അതില്‍ ചിലര്‍ക്ക് ചില കൊലപാതകങ്ങളില്‍ പങ്കുള്ളതായി തിരിച്ചറിഞ്ഞെന്നും പോലിസ് പറയുന്നു.
ചെങ്കോട്ടയിലെ മാര്‍ച്ചില്‍ പങ്കെടുത്തവരെ ഫേസ് ഐഡന്റിഫിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കണ്ടെത്താനും പോലിസ് ശ്രമിക്കുന്നുണ്ട്.
ചെങ്കോട്ടയിലെ സംഘര്‍ഷം തങ്ങളുടെ അറിവോടെയല്ലെന്നും അതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ നടന്നിട്ടുണ്ടെന്നും കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.
