ഏപ്രില്‍ മാസത്തില്‍ ജിഎസ്ടി വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധന

Update: 2022-05-01 12:27 GMT

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തെ ജിഎസ്ടി വരുമാനം 1.5 ലക്ഷം കോടിയും കടന്നു. ഇത്രയേറെ വരുമാനമുണ്ടാകുന്നത് ഇത് രണ്ടാം തവണയാണ്. മാര്‍ച്ചില്‍ 1,42,095 കോടി രൂപ ജിഎസ്ടി ഇനത്തില്‍ വരുമാനമുണ്ടായിരുന്ന സമയത്ത്് ഏപ്രില്‍ മാസത്തില്‍ അത് 18 ശതമാനം ഉയര്‍ന്ന് 1,67,540 കോടി രൂപയായി. കേന്ദ്ര ധനമന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊവിഡ് മഹാമാരിക്കാലത്തുണ്ടായ പിന്നോട്ടടിക്കുശേഷം സമ്പദ്ഘടന മുന്നോട്ടാണെന്ന് മന്ത്രാലയത്തിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഏപ്രില്‍ മാസത്തില്‍ പിന്നെയും ചില നേട്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 20, 2022ലെ പ്രതിദിന ജിഎസ്ടി വരുമാനം 57,847 കോടി രൂപയായിരുന്നു. 9.58 ലക്ഷം ഇടപാടുകളിലൂടെയാണ് ഇത്രയും വരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 48,000 കോടി വരുമാനമാണ് ഉണ്ടായത്. അന്ന് 7.22 ലക്ഷം ഇടപാടുകള്‍ നടന്നു.

സമ്പദ്ഘടന മുന്നോട്ടാണെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്ന് നികുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നികുതിദായകരെക്കൊണ്ട് സമയത്ത് നികുതി ഈടാക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ വര്‍ധനയെന്നും കരുതുന്നു.

ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടക്കുന്നത്ത ഇത് തുടര്‍ച്ചയായി പത്താമത്തെ മാസമാണ്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 1,39,708 കോടി രൂപയാണ് ജിഎസ്ടി വഴി ശേഖരിച്ചതെങ്കില്‍ ഈ വര്‍ഷം അത് 19.92 ശതമാനം ഉയര്‍ന്ന് 1,67,540 കോടിയായി. 

Tags: