റീബില്‍ഡ് കേരള: വടകര മണ്ഡലത്തില്‍ 15.7കോടിയുടെ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കെ കെ രമ എംഎല്‍എ

Update: 2022-02-12 17:38 GMT

കോഴിക്കോട്: റീബില്‍ഡ് കേരള പദ്ധതി മുഖേന വടകര മണ്ഡലത്തില്‍ അനുവദിച്ച 15.7 കോടിയുടെ വ്യത്യസ്ത പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് കെ കെ രമ എംഎല്‍എ. വടകര പുതിയ ബസ്സ്റ്റാന്‍ഡ് നവീകരണത്തിന് 2.5കോടി, കരിമ്പനതോടിന്റെ ഭിത്തി കെട്ടി സംരക്ഷിക്കാന്‍ 1.5കോടി, മടപ്പള്ളി റെയില്‍വേ അണ്ടര്‍പാസിന്റെ റോഡ് നിര്‍മ്മാണത്തിന് 2 കോടി, മടപ്പള്ളി കോളജിലെ പഴയ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍ പൊളിച്ച് മാറ്റി വി.ഐ.പി ഗസ്റ്റ്ഹൗസ് പണിയാന്‍ 2.5കോടി തുടങ്ങി മണ്ഡലത്തിലെ നാല് പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള റോഡുകളുടെ നിര്‍മ്മാണവും നവീകരണവുമടക്കമുള്ള പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

ഇതില്‍ സാങ്കേതികാനുമതി ലഭ്യമായ പ്രവര്‍ത്തികള്‍ ഉടന്‍ ടെണ്ടര്‍ ചെയ്യാനും, അനുമതി ലഭിക്കാത്ത പ്രവര്‍ത്തികള്‍ക്ക് ഫെബ്രുവരി അവസാനത്തോടെ അനുമതി ലഭ്യമാക്കാനും എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഡി, എല്‍.എസ്.ജി.ഡി. എക്‌സികുട്ടീവ് എഞ്ചിനീയര്‍, നഗരസഭയിയലെയും പഞ്ചായത്തുകളിലെയും എഞ്ചിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: